‘ബിഗ് ബെന്നി’നെ പിന്നിലാക്കി മെക്കയില് കൂറ്റന് ഘടികാരം

August 14, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

മെക്ക: ലോകമെങ്ങുമുള്ള ഇസ്‌ലാമിക വിശ്വാസികള്‍ പുതിയൊരു അടിസ്ഥാനസമയം സ്വീകരിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് സൗദി അറേബ്യയിലെ പുണ്യനഗരമായ മെക്കയില്‍ കൂറ്റന്‍ ഘടികാരം പരീക്ഷണടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 1983 അടി ഉയരമുള്ള സമുച്ചയത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഘടികാരം ലോകത്തിലെ ഏറ്റവും വലുതാണെന്ന് അധികൃതര്‍ പറഞ്ഞു. 43 മീറ്ററാണ് ഇതിന്റെ വ്യാസം. ലണ്ടനിലെ പ്രശസ്തമായ ‘ബിഗ് ബെന്‍’ ഘടികാരത്തിന്റെ ആറിരട്ടിയോളം.

മെക്കയിലെ വിശുദ്ധപള്ളിക്ക് അഭിമുഖമായി പണികഴിപ്പിച്ച കിങ് അബുള്‍ അസീസ് ഹോട്ടല്‍ കോംപ്ലക്‌സിന്റെ ഭാഗമാണ് ഘടികാര സമുച്ചയം. നഗരത്തിന്റെ ഏതു ഭാഗത്തുനിന്ന് നോക്കിയാലും കാണാവുന്ന ഘടികാരം റംസാന്‍ വ്രതാരംഭദിനത്തിലാണ് പരീക്ഷണപ്രവര്‍ത്തനം തുടങ്ങിയത്. മൂന്നു മാസത്തിനു ശേഷം പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനം ആരംഭിക്കും. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ‘ഗ്രെനിച്ച് അടിസ്ഥാനസമയ’ (ജി.എം.ടി.) ത്തിനു പകരം ലോകമെങ്ങുമുള്ള മുസ്‌ലിങ്ങള്‍ അതോടെ ‘മെക്ക അടിസ്ഥാന സമയ’ത്തിലേക്ക് ചുവടുമാറ്റുമെന്ന സൂചന പ്രബലമാണ്.

ഇംഗ്ലണ്ടിലുള്ള ഗ്രെനിച്ചിലെ സമയം അടിസ്ഥാനമാക്കിയുള്ള ജി.എം.ടി. ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ടത് 1884 ലാണ്. ഈ അടിസ്ഥാനസമയം ലോകസമൂഹത്തിനുമേല്‍ പാശ്ചാത്യര്‍ അടിച്ചേല്പിച്ചതാണെന്നും ‘ലോകത്തിന്റെ മധ്യ’മായ മെക്കയിലെ സമയമാണ് ആഗോള അടിസ്ഥാന സമയമായി അംഗീകരിക്കപ്പെടേണ്ടതെന്നുമുള്ള വാദം ഇസ്‌ലാമിക പണ്ഡിതര്‍ ഏറെ നാളായി ഉയര്‍ത്തുന്നുണ്ട്.

മെക്കയിലെ ഘടികാരം പ്രവര്‍ത്തിക്കുന്നത് അറേബ്യന്‍ അടിസ്ഥാനസമയ പ്രകാരമാണ്. ജി.എം.ടി. യേക്കാള്‍ മൂന്നു മണിക്കൂര്‍ മുന്നിലാണത്. ഘടികാരസമുച്ചയമുള്‍ക്കൊള്ളുന്ന കിങ് അബുള്‍ അസീസ് ഹോട്ടല്‍ കോംപ്ലക്‌സ് ഉയരത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്താണ്. ജനവരിയില്‍ ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ച ‘ബുര്‍ജ് ഖലീഫ’യാണ് ഒന്നാംസ്ഥാനത്ത്. എന്നാല്‍, തറവിസ്തീര്‍ണത്തിന്റെ കാര്യത്തില്‍ പുതിയ സമുച്ചയമാണ് മുന്നില്‍; 16.1 കോടി ചതുരശ്ര അടി.

മൂന്നു നക്ഷത്രഹോട്ടലുകളും നൂറുകണക്കിന് ആഡംബര അപ്പാര്‍ട്ട്‌മെന്റുകളും വ്യാപാര സമുച്ചയവും ചാന്ദ്ര നിരീക്ഷണകേന്ദ്രവും ഇസ്‌ലാമിക മ്യൂസിയവും പുതിയ കെട്ടിടത്തിലുണ്ട്. ഹജ് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാനുള്ള സൗദി സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമാണിത്. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.

ദുബായില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ കമ്പനിയായ പ്രീമിയര്‍ കമ്പോസിറ്റ് ടെക്‌നോളജീസാണ് ഘടികാരം രൂപകല്പന ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍