സിംഗൂരിലെ ഭൂമി ഏറ്റെടുക്കല്‍ നിയമം ഹൈക്കോടതി ശരിവച്ചു

September 28, 2011 ദേശീയം

കോല്‍ക്കത്ത: സിംഗൂരില്‍ നാനോ പ്ലാന്റ് സ്ഥാപിക്കാനിരുന്ന സ്ഥലം ഏറ്റെടുത്ത ബംഗാള്‍ സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി ശരിവച്ചു. ഇതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച സിംഗൂര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം നിലനില്‍ക്കുന്നതാണെന്ന് കോല്‍ക്കത്ത ഹൈക്കോടതി വിധിച്ചു. നിയമത്തിനെതിരേ ടാറ്റ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. വിധി ചരിത്രപരമാണെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.സിംഗൂരിലെ കര്‍ഷകരുടെ പ്രതിഷേധം ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ വഴികാട്ടുന്നതാണെന്നും മമത അഭിപ്രായപ്പെട്ടു. കോടതിയോട് തനിക്ക് ബഹുമാനമുണ്ടെന്നും മമത പറഞ്ഞു.

ടാറ്റയ്ക്ക് ഭൂമി ലഭിക്കില്ലെങ്കിലും നഷ്ടപരിഹാരത്തിനായി സമീപിക്കാം. ഇതിനായി ഹൂഗ്ലി ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 23,24 വകുപ്പുകള്‍ അനുസരിച്ചാണ് ടാറ്റയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനാകുക. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ മമത സര്‍ക്കാര്‍ അവതരിപ്പിച്ച നിയമത്തില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം.

ഭൂമി ഏറ്റെടുത്ത് ഉടമകളായ കര്‍ഷകര്‍ക്ക് തിരികെ നല്‍കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മമത ബാനര്‍ജിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ജസ്റ്റിസ് ഐപി മുഖര്‍ജിയായിരുന്നു കേസ് പരിഗണിച്ചത്.

തന്റെ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂമിയേറ്റെടുക്കല്‍ പദ്ധതിക്ക് കോടതി അംഗീകാരം നല്‍കിയതോടെ മമതാ ബാനര്‍ജിക്ക് ഇരട്ടവിജയമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചതിലടക്കം രണ്ടു സീറ്റിലും മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയം നേടിയിരിക്കുകയാണ്. മമത മത്സരിച്ച ഭൊവാനിപൂര്‍ മണ്ഡലത്തില്‍ അവര്‍ 54,213 വോട്ടുകള്‍ക്കാണ് വിജയം നേടിയത്. എതിര്‍ സ്ഥാനാര്‍ഥി സിപിഎമ്മിലെ പ്രൊഫ. നന്ദിനി മുഖര്‍ജിയെയാണ് മമത പരാജയപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന ബസീര്‍ഘട്ട് മണ്ഡലത്തിലും തൃണമൂലാണ് വിജയം നേടിയത്. ഇവിടെ മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥി എ.ടി.എം.അബ്ദുള്ള സിപിഎം സ്ഥാനാര്‍ഥി സുബിത് അലി ഖ്വാസിയെയാണ് പരാജയപ്പെടുത്തിയത്. സിപിഎം എംഎല്‍എയായിരുന്ന മുസ്തഫ ബിന്‍ ക്വാസിം ജീവനൊടുക്കിയതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കടുത്ത വൃക്കരോഗം പിടിപെട്ടതില്‍ നിരാശനായാണ് എണ്‍പതുകാരനായ അദ്ദേഹം എംഎല്‍എ ഹോസ്റ്റലിലെ തന്റെ മുറിയില്‍ നിന്നു താഴേക്ക് ചാടി ജീവനൊടുക്കിയത്. മുഖ്യമന്ത്രിയായ മമതയ്ക്ക് നിയമസഭാംഗമാകുന്നതിനുവേണ്ടി തൃണമൂല്‍ നേതാവും പൊതുമരാമത്ത് മന്ത്രിയുമായ സുബ്രതാ ബക്ഷി തന്റെ നിയമസഭാംഗത്വം രാജിവച്ചതിനെതുടര്‍ന്നാണ് ഭൊവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പരമ്പരാഗതമായി തൃണമൂലിന്റെ ശക്തികേന്ദ്രമാണ് ഈ മണ്ഡലം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം