നോക്കിയ റൊമാനിയയിലെ ക്ലജിലുള്ള പ്ലാന്റ് പൂട്ടാനൊരുങ്ങുന്നു

September 29, 2011 രാഷ്ട്രാന്തരീയം

ഹെല്‍സിന്‍കി: മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനിയായ നോക്കിയ റൊമാനിയയിലെ ക്ലജിലുള്ള പ്ലാന്റ് പൂട്ടാനൊരുങ്ങുന്നു കൂടാതെ കമ്പനിയുടെ ലൊക്കേഷന്‍ ആന്‍ഡ് കൊമേഴ്‌സ് ബിസിനസിലെ 1300ഓളം ജീവനക്കാരെ പിരിച്ചു വിടുമെന്നും കമ്പനി അറിയിച്ചു. ക്ലജിലെ പ്ലാന്റ് പൂട്ടുന്നതോടെ സപ്ലൈ ചെയിന്‍ ബിസിനസില്‍ 2200 പേര്‍ക്കും ജോലി നഷ്ടപ്പെടുമെന്നും കമ്പനി അറിയിച്ചു.

വില്‍പ്പനയിലും വരുമാനത്തിലും ഇടിവ് നേരിട്ട് പ്രതിസന്ധിയിലായ അവസരത്തിലാണ് കമ്പനിയുടെ നടപടി. മറ്റ് മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികളില്‍ നിന്നുള്ള കനത്ത വെല്ലുവിളി നേരിടുന്നതിനായി മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ അധിഷ്ഠിതമായ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പക്ഷെ പുതിയ ഫോണുകള്‍ വര്‍ഷാവസാനത്തോടെയെ വിപണിയിലെത്തൂ എന്നാണ് കരുതുന്നത്. മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറാന്‍ തീരുമാനച്ചതിനെ തുടര്‍ന്നിങ്ങോട്ട് കമ്പനിയുടെ ഓഹരി വില പകുതിയോളം ഇടിഞ്ഞിരുന്നു. ഏപ്രില്‍ മാസത്തില്‍ നൂറു കോടി യൂറോയോളം ചെലവ് ചുരുക്കുന്നതിനായി 4000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനും കമ്പനി നിശ്ചയിച്ചിരുന്നു. നോക്കിയയുടെ വിതരണക്കാരായ ഡിജിയ തങ്ങളുടെ ഫിന്‍ലാന്‍ഡിലെ ബിസിനസില്‍ നിന്നും 170 ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം