ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയരീതി മാറുന്നു

August 14, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയരീതിയില്‍ മാറ്റംവരുത്തുന്നു. പുതിയ മാനദണ്ഡങ്ങള്‍ 2009ലെ അവാര്‍ഡ് നിര്‍ണയം മുതല്‍ ബാധകമാവും. പ്രാദേശികതലത്തില്‍നിന്ന് ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അന്തിമ നിര്‍ണയം ദേശീയതലത്തില്‍ നടത്തുന്ന എഴുപതുകളിലെ രീതിയാണ് ഇനി സ്വീകരിക്കുക. ശ്യാംബെനഗലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സമര്‍പ്പിച്ച ശുപാര്‍ശപ്രകാരമാണ് ഈ മാറ്റം.

ദക്ഷിണേന്ത്യയിലെ രണ്ടെണ്ണമടക്കം അഞ്ച് പ്രാദേശിക പാനലുകളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. പ്രാദേശിക പാനലുകളില്‍ തിരഞ്ഞെടുക്കപ്പെടുന്ന സിനിമകള്‍ക്ക് ദേശീയതലത്തിലെ മത്സരത്തില്‍ ഇടം ലഭിക്കും. മലയാളവും തമിഴും ഒരു പാനലിലാണ്. കന്നട, തെലുങ്ക്, തുളു സിനിമകള്‍ മറ്റൊരു പാനലിലും. വടക്കേ ഇന്ത്യന്‍ പാനലില്‍ ഇംഗ്ലീഷ്, പഞ്ചാബി, ഡോഗ്രി, ഉര്‍ദു, ഭോജ്പുരി, രാജസ്ഥാനി സിനിമകളാണ് ഉള്‍പ്പെടുത്തിയത്. ഹിന്ദി, മറാഠി, ഗുജറാത്തി, കൊങ്കണി എന്നിവ പശ്ചിമ പാനലിലാണ്. ബംഗാളി, അസമീസ്, ഒറിയ, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭാഷാ ചിത്രങ്ങള്‍ എന്നിവയ്ക്ക് കിഴക്കന്‍ പാനലിലാണ് ഇടംനല്‍കിയത്.

ഓരോ പാനലിലും ചെയര്‍പേഴ്‌സണടക്കം അഞ്ചംഗ വിദഗ്ധ സമിതിയുണ്ടാകും. ചെയര്‍പേഴ്‌സണും ഒരംഗവും ഇതര പ്രദേശത്ത് നിന്നുള്ളവരായിരിക്കും. പ്രാദേശിക സ്വാധീനവും പക്ഷപാതവും തടയുകയാണ് ലക്ഷ്യം. ഓരോ പാനലില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച സിനിമകളില്‍ നിന്നാണ് കേന്ദ്ര ജൂറി ദേശീയ അവാര്‍ഡിനര്‍ഹമായ ചിത്രം കണ്ടെത്തുക. കേന്ദ്ര ജൂറിയില്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ പത്തംഗങ്ങളുണ്ടാകും. അഞ്ചംഗങ്ങള്‍ പ്രാദേശിക പാനലിന്റെ ചെയര്‍പേഴ്‌സണ്‍മാരായിരിക്കും. അവസാനവട്ട തിരഞ്ഞെടുപ്പ് ഡല്‍ഹിയിലാണ് നടക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം