ഗുരുവായൂരില് നാളെ തൃപ്പുത്തരി

August 14, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ തൃപ്പുത്തരി ഞായറാഴ്ച ആഘോഷിക്കും.
പുതുതായി കൊയെ്തടുത്ത നെല്ലിന്റെ അരികൊണ്ട് നിവേദ്യവും ഇടിച്ചുപിഴിഞ്ഞ പായസവും തയ്യാറാക്കി ഗുരുവായൂരപ്പന് നിവേദിക്കുന്നതാണ് ചടങ്ങ്. ഉപ്പുമാങ്ങയും ഇലക്കറികളും ഇതിനോടൊപ്പം നിവേദിക്കും. ഉച്ചപ്പൂജയ്ക്കാണ് നിവേദിക്കുക. തന്ത്രി നമ്പൂതിരിപ്പാട് പൂജ നടത്തും.
തൃപ്പുത്തരിയുടെ മറ്റൊരു പ്രധാന ചടങ്ങായ അരി അളവ് രാവിലെ 7.08നും 8.28നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. നാലമ്പലത്തിനകത്ത് മണിക്കിണറിനടുത്ത് ഗണപതിപൂജയ്ക്കുശേഷം അവകാശിയായ പത്തുകാരന്‍ വാര്യര്‍ അരി അളക്കും.പുത്തരിപ്പായസം തയ്യാറാക്കാന്‍ ഒട്ടേറെ കീഴ്ശാന്തി നമ്പൂതിരിമാര്‍ ഒത്തുചേരും. മൂവായിരത്തിലേറെ നാളികേരം ഇവര്‍തന്നെ ചിരകിയെടുക്കേണ്ടതുണ്ട്. ഉപ്പുമാങ്ങ തയ്യാറാക്കുന്നത് പാരമ്പര്യ അവകാശികളായ പുതിയേടത്ത് പിഷാരത്താണ്.

പുത്തരിപ്പായസം ശീട്ടാക്കാന്‍ പ്രത്യേക കൗണ്ടര്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും. ഒരു ഭക്തന് പരമാവധി 40 രൂപയുടെ ടിക്കറ്റ് നല്‍കും. ഒരു ലക്ഷത്തിലേറെ രൂപയുടെ പായസമാണ് തയ്യാറാക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം