ശ്രീ പൂര്‍ണതയുടെ യാത്ര

October 4, 2011 സനാതനം

സ്‌നേഹാദരങ്ങളോടെ ഒഴുകിപ്പരന്ന്  ശ്രീ പൂര്‍ത്തിയാകുമ്പോള്‍ മനസിന് എന്തെന്നില്ലാത്ത ആനന്ദം. അമ്മ എന്ന മഹാശബ്ദത്തിലേക്കുള്ള വാക്കിന്റെ വഴിയും ഇതുതന്നെ. ഹൃദയത്തില്‍ ആത്മപ്രകാശം പരത്തുന്ന അക്ഷരങ്ങളെ പ്രണമിക്കാന്‍ ഉപാസകനു ഭാഗ്യം സിദ്ധിക്കുന്ന നാള്‍ വിജയദശമി. പാപസങ്കല്പങ്ങള്‍ ഒഴിഞ്ഞ് ദേവീസങ്കല്പത്തില്‍ ഏകാഗ്രപ്പെടുന്ന മനസ് അറിവിന്റെ സൂര്യോദയത്തിനായി കാത്തിരുന്ന പത്താം നാള്‍.
അമാവാസി ദിനത്തിലാണ് നവരാത്രി വ്രതം ആരംഭിക്കുന്നത്. അന്നു പകല്‍മാത്രം ഭക്ഷണം. ആദ്യ മൂന്നുദിവസങ്ങളില്‍ ശക്തിസ്വരൂപിണിയായ ദുര്‍ഗയെയും തുടര്‍ന്നുള്ള മൂന്നുദിവസങ്ങളില്‍ ഐശ്വര്യദായിനിയായ മഹാലക്ഷ്മിയെയും പിന്നീടുള്ള ദിവസങ്ങളില്‍ അക്ഷരരൂപിണിയായ മഹാസരസ്വതിയെയുമാണ് ആരാധിക്കേണ്ടത്.
ദുര്‍ഗാഷ്ടമി നാള്‍ സന്ധ്യയ്ക്കാണ് പുസ്തങ്ങളും ആയുധങ്ങളും പൂജവയ്‌ക്കേണ്ടത്.മഹാനവമി അടച്ചുപൂജ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പൂജയ്ക്കിരുത്തിയ അക്ഷരമന്ത്രങ്ങളെ വിഘ്‌നേശ്വര സ്തുതിയിലൂടെ ഉരുക്കഴിക്കുമ്പോള്‍ ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും രാഗദ്വേഷങ്ങള്‍ വെടിഞ്ഞ് ഏകാഗ്രമാകുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം