ക്ലാസ് മേറ്റ് ലാപ്‌ടോപ്പു കള്‍ സൗജന്യമായി നല്‍കുന്ന പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

October 3, 2011 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ തെരഞ്ഞെടുത്ത സ്മാര്‍ട്ട് സ്‌കൂളുകളിലെ ഐടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഇന്റല്‍ കോര്‍പറേഷന്റെ വക ക്ലാസ് മേറ്റ് ലാപ്‌ടോപ്പുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതി നാളെ വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇന്റലിന്റെ വേള്‍ഡ് എഹെഡ് പ്രോഗ്രാമിന്റെ ഭാഗമായി 625 പ്രത്യേകം രൂപകല്പന ചെയ്ത ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന ആദ്യസംസ്ഥാനമായി ഇതോടെ കേരളം മാറും. ഐടി ലാബില്‍ നടക്കുന്ന കംപ്യൂട്ടര്‍ പഠനത്തിനും ക്ലാസ്മുറികളില്‍ ലാപ്‌ടോപ്പും പ്രൊജക്ടറുകളും ഉപയോഗിച്ചുള്ള ക്ലാസുകള്‍ക്കും ഒപ്പം ക്ലാസിലെ ഓരോ കുട്ടിയും ലാപ്‌ടോപ്പുകള്‍ സ്വന്തമായി ഉപയോഗിച്ച് പഠിക്കുന്ന സമ്പ്രദായമാണ് സ്മാര്‍ട്ട് ക്ലാസുകളില്‍ ഇതോടെ തുടക്കം കുറിക്കുന്നത്.

കോട്ടണ്‍ ഹില്‍ (തിരുവനന്തപുരം), പൂമാല (ഇടുക്കി), മോയന്‍സ് (പാലക്കാട്), കരുവാരക്കുണ്ട ്, തിരൂരങ്ങാടി (മലപ്പുറം), സൗത്ത് ഏഴിപ്പുറം (എറണാകുളം) എന്നീ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കാണ് ക്ലാസ്‌മേറ്റ് ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്നത്.ചടങ്ങില്‍ മന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, ഇന്റല്‍ സൗത്ത് ഏഷ്യ സെയില്‍സ് ഡയറക്ടര്‍ ആര്‍. രവിചന്ദ്രന്‍, വിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍, ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ സംബന്ധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം