രവിപ്പിള്ള ഫൗണ്ടേഷന്റെ സമൂഹവിവാഹം ആറിന്; 107 യുവതികള് സുമംഗലികളാകും

August 14, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊല്ലം:രവിപ്പിള്ള ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സപ്തംബര്‍ ആറിന് കൊല്ലത്തുനടത്തുന്ന സമൂഹവിവാഹത്തില്‍ പാവപ്പെട്ട 107 യുവതികള്‍ സുമംഗലികളാകും. രണ്ടരലക്ഷം രൂപയാണ് ഓരോ വധൂവരന്മാര്‍ക്കും ചെലവഴിക്കുകയെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ബി.രവിപ്പിള്ളയും മേയര്‍ അഡ്വ. വി.രാജേന്ദ്രബാബുവും പത്രസമ്മേളനത്തില്‍ അറിയിച്ചു.
വധുവിന് അഞ്ചുപവന്‍ സ്വര്‍ണവും 25,000 രൂപയും സമ്മാനമായി നല്‍കും. മന്ത്രകോടിയടക്കമുള്ള വിവാഹവസ്ത്രങ്ങള്‍ ഫൗണ്ടേഷനാണ് സമ്മാനിക്കുക. വരന്മാര്‍ക്ക് ഗള്‍ഫില്‍ ആര്‍.പി.ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലി നല്‍കും. ജോലി വേണ്ടാത്ത വരന്മാര്‍ക്ക് 25,000 രൂപ സമ്മാനം നല്‍കും.
കണ്ണൂരൊഴികെ 13 ജില്ലകളില്‍നിന്ന് വധൂവരന്മാര്‍ സമൂഹവിവാഹത്തിന് എത്തുന്നുണ്ട്. കൊല്ലം ഒഴികെയുള്ള ജില്ലകളില്‍നിന്ന് എത്തുന്നവര്‍ക്ക് നഗരത്തില്‍ താമസസൗകര്യം ഒരുക്കും.
ആശ്രാമം മൈതാനത്ത് ഒരുക്കുന്ന 50,000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള പന്തലില്‍ സപ്തംബര്‍ ആറിന് 11നും 12 നും മധ്യേയാണ് വിവാഹം. മൂന്ന് കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാനത്തെ അരഡസന്‍ മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ ഒരേസമയം ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരുടെ സമൂഹവിവാഹം നടക്കും. മതപരമായ ചടങ്ങുകള്‍ക്കുശേഷമായിരിക്കും പൊതുവിവാഹം.
വധൂവരന്മാര്‍ക്കൊപ്പം എത്തുന്ന 5000 ബന്ധുക്കള്‍ക്ക് സദ്യ ഒരുക്കുന്നുണ്ട്. അതിഥികളടക്കം 10,000 പേര്‍ക്ക് സദ്യ വിളമ്പും. വിവാഹശേഷം എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിലെ ഗായകര്‍ സംഗീതവിരുന്ന് ഒരുക്കും.
സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് സമൂഹപരിണയത്തിനു വധൂവരന്മാരെ തിരഞ്ഞെടുത്തതെന്ന് ഡോ. ബി.രവിപ്പിള്ളയും രവിപ്പിള്ള ഫൗണ്ടേഷന്‍ കണ്‍വീനര്‍ പി.ചന്ദ്രശേഖരപിള്ളയും അറിയിച്ചു.
കൊല്ലത്ത് തേവള്ളിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്ന തന്റെ ഹോട്ടല്‍ ജനവരി 15നു മുമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് രവിപ്പിള്ള പറഞ്ഞു. പഞ്ചനക്ഷത്ര ഡീലക്‌സ് ഹോട്ടല്‍ ആയിരിക്കും ഇത്. 1500 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ ഹാള്‍ സജ്ജീകരിക്കും. വിദേശരാജ്യങ്ങളില്‍നിന്ന് വിനോദസഞ്ചാരികളെ ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ കൊണ്ടുവരും. ആയുര്‍വേദചികിത്സാസൗകര്യവും ഹോട്ടലില്‍ ഒരുക്കും. കോഴിക്കോട്ടെ കടവ് റിസോര്‍ട്ട് താന്‍ വാങ്ങുകയാണെന്നും രവിപ്പിള്ള അറിയിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.ആര്‍.ബാബുരാജും പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എ.വിജയനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം