ബാലകൃഷ്ണപിള്ളയുടെ നിയമലംഘനം സര്‍ക്കാര്‍ ഒത്താശയോടെയെന്ന് കോടിയേരി

October 4, 2011 കേരളം

തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള തടവില്‍ കിടന്ന് നിയമലംഘനം നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണില്‍ വിളിക്കുക വഴി തടവില്‍ കിടന്നുകൊണ്ട് ഭരണത്തില്‍ ഇടപെടാനുള്ള ശ്രമമാണ് ബാലകൃഷ്ണപിള്ള നടത്തിയത്. ഇത് ഗുരുതരമായ പ്രശ്‌നമാണ്-കോടിയേരി പറഞ്ഞു.

ബാലകൃഷ്ണപിള്ള നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് പരാതിപ്പെട്ടുകൊണ്ട് കഴിഞ്ഞ മാസം വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നെങ്കിലും ഈ പ്രശ്‌നത്തില്‍ അന്വേഷണം നടത്താന്‍ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ അഴിമതി കണ്ടുപിടിക്കുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച മുഖ്യമന്ത്രി ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും കോടിയേരി ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം