ബാലകൃഷ്ണപിള്ളയുമായി താന്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

October 4, 2011 കേരളം

തിരുവനന്തപുരം: തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുമായി താന്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാലകൃഷ്ണപിള്ളയുമായി ഫോണില്‍ സംസാരിച്ചു എന്നു പറയുന്ന സമയത്ത് ഞാന്‍ കോട്ടയത്തെ കാരിത്താസ്, മീനടം, മണര്‍കാട് എന്നിവിടങ്ങളില്‍ വിവിധ പൊതുപരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. കോള്‍ വരുന്ന സമയത്ത് െ്രെപവറ്റ് സെക്രട്ടറി ശ്രീകുമാര്‍ ചെങ്ങന്നൂരിനു സമീപം മുളക്കുഴി എന്ന സ്ഥലത്താണ്. പിന്നെ എങ്ങനെയാണ് ആ ഫോണില്‍ ഞാന്‍ പിള്ളയുമായി സംസാരിക്കുന്നത്മുഖ്യമന്ത്രി ചോദിച്ചു. എന്നാല്‍, ബാലകൃഷ്ണപിള്ള െ്രെപവറ്റ് സെക്രട്ടറിയുമായി സംസാരിച്ച കാര്യം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം കൃത്യമായി മറുപടി നല്‍കിയില്ല.

ബാലകൃഷ്ണപിള്ളയ്ക്ക് എ ക്ലാസ് തടവുകാരന്റെ പദവി നല്‍കിയത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തടവുകാരെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സിപ്പിക്കുന്നത് നിയമലംഘനമാണെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇങ്ങനെ തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ ലഭ്യമാക്കിയ ചരിത്രമുണ്ട്. ചില സാഹചര്യങ്ങളില്‍ സര്‍ക്കാരിന് അങ്ങനെ ചില നടപടികള്‍ എടുക്കേണ്ടിവരും. ബാലകൃഷ്ണപിള്ളയ്ക്ക് നിരവധി രോഗങ്ങള്‍ ഉണ്ട്. അതുകൊണ്ടുന്നതെ അദ്ദേഹത്തെ സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചികിത്സ തേടേണ്ട അവസ്ഥയായിരുന്നു. അതുകൊണ്ടാണ് ഇതു സംബന്ധിച്ച അപേക്ഷ സര്‍ക്കാര്‍ അനുവദിച്ചത്. അതിനെ തെറ്റായി കാണാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം