‘മേഘ’യ്ക്ക് അംഗീകാരമുണ്ടെന്ന് സിക്കിംസര്ക്കാര്; ധനമന്ത്രിയുടെ നടപടി വിവാദത്തിലേക്ക്

August 14, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

പാലക്കാട്: സിക്കിംസര്‍ക്കാര്‍ നിര്‍ത്തലാക്കിയ ലോട്ടറികള്‍ വിറ്റുവെന്ന പേരില്‍ വിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരെ ക്രിമിനല്‍ക്കേസെടുക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിറകെ ‘മേഘ’യെ ന്യായീകരിച്ച് സിക്കിംസര്‍ക്കാരിന്റെ അറിയിപ്പ്.
സിക്കിംസംസ്ഥാനത്തുനിന്നുള്ള എട്ട് അന്യസംസ്ഥാന ലോട്ടറികളുടെയും കേരളത്തിലെ വിതരണച്ചുമതല പ്രമോട്ടറായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനാണെന്നും തങ്ങളുടെ ലോട്ടറികള്‍ നിര്‍ത്തിയിട്ടില്ലെന്നും കാണിച്ച് സിക്കിംസ്റ്റേറ്റ് ലോട്ടറീസ് ഡയറക്ടര്‍ ആഗസ്ത് 12ന് മാധ്യമങ്ങളില്‍ പരസ്യംനല്‍കിയാണ് രംഗത്തുവന്നിരിക്കുന്നത്. മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ തിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരെ ക്രിമിനല്‍ക്കേസെടുക്കുമെന്ന ധനമന്ത്രി ടി.എം. തോമസ്‌ഐസക്കിന്റെ പ്രഖ്യാപനം പാഴ്‌വാക്കാവുകയാണ്.
സിക്കിംസര്‍ക്കാരിന്റെ പേപ്പര്‍ലോട്ടറികള്‍ വില്‍ക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് ഫ്യൂച്ചര്‍ ഗെയിമിങ് സൊലൂഷന്‍സിനെയാണ്. ജൂലായ് അഞ്ചു മുതല്‍ സിക്കിംസര്‍ക്കാരിന്റെ എട്ട് ലോട്ടറി വില്പനയും നിര്‍ത്തണമെന്നാവശ്യപ്പെട്ട് സിക്കിംലോട്ടറി ഡയറക്ടര്‍ ഫ്യൂച്ചര്‍ഗെയിമിങ്ങിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരെ ക്രിമിനല്‍ക്കേസെടുക്കുമെന്ന് ധനമന്ത്രി വ്യാഴാഴ്ച പ്രഖ്യാപിച്ചത്. സിക്കിംസര്‍ക്കാര്‍ നിര്‍ത്തിയ സൂപ്പര്‍-ഡിയര്‍ ലോട്ടറികള്‍ സംസ്ഥാനത്ത് വിറ്റുകാശാക്കി സര്‍ക്കാരിനെയും ജനങ്ങളെയും വഞ്ചിച്ചതിനാണ് കേസെ ടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജൂലായില്‍ സിക്കിംസൂപ്പറിന്റെ 27 നറുക്കെടുപ്പും ആഗസ്തിലെ 12 നറുക്കെടുപ്പും സിക്കിംസര്‍ക്കാരിന്റെ ജൂലായില്‍ നടത്തിയ 14 നറുക്കെടുപ്പും നിയമവിരുദ്ധമാണെന്നാണ് മന്ത്രി അറിയിച്ചത്. ഇനി ഈ ലോട്ടറി വിറ്റാല്‍ നടപടിയെടുക്കുമെന്ന് അറിയിച്ചെങ്കിലും വ്യാഴാഴ്ച നറുക്കെടുപ്പും വെള്ളിയാഴ്ച വില്പനയും നിര്‍ബാധം തുടരുന്നുണ്ട്.
സിക്കിംലോട്ടറി ഡയറക്ടറുടെ പുതിയ അറിയിപ്പോടെ സര്‍ക്കാരിന്റെ നടപടിനീക്കം വിവാദമാവുകയാണ്. ജൂലായ് അഞ്ചിനുശേഷം സിക്കിംലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കരുതെന്ന അറിയിപ്പുണ്ടെങ്കില്‍ അത് വാസ്തവമാണോയെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ലോട്ടറി നിര്‍ത്തിയിട്ടില്ലെന്നാണ് വെള്ളിയാഴ്ചത്തെ അറിയിപ്പില്‍ സിക്കിം ലോട്ടറിഡയറക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ അറിയിപ്പ് ശരിയാണെങ്കില്‍ ‘മേഘ’ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരെ സംസ്ഥാനസര്‍ക്കാരിന് നടപടിയെടുക്കാനാവില്ല. സിക്കിംസര്‍ക്കാരിന്റെ ഏത് അറിയിപ്പാണ് ശരിയെന്നറിയാന്‍ സംസ്ഥാനസര്‍ക്കാരിനുമാത്രമേ കഴിയൂ. സപ്തംബര്‍മാസത്തില്‍ വില്പന നടത്തുന്നതിനുള്ള മുന്‍കൂര്‍നികുതി സ്വീകരിക്കാത്ത സര്‍ക്കാര്‍നടപടിയും ഇതോടെ നിയമക്കുരുക്കിലാവുകയാണ്.
അതിനിടെ അന്യസംസ്ഥാനലോട്ടറികള്‍ വില്‍ക്കുന്ന ഏജന്റുമാരെക്കുറിച്ച് സംസ്ഥാനലോട്ടറി വകുപ്പും വാണിജ്യനികുതിവകുപ്പും അന്വേഷണം തുടങ്ങി. ഇത്തരം ലോട്ടറിവില്‍ക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ ഏജന്‍സിയുടെഓഫീസിലും വാണിജ്യനികുതിവകുപ്പ് പ്രാഥമികപരിശോധന നടത്തി. ഓരോ ജില്ലയിലെയും ഏജന്റുമാരുടെ വിവരങ്ങള്‍ ലോട്ടറിവകുപ്പിനും വാണിജ്യനികുതിവകുപ്പിനും ഉടന്‍ നല്‍കണമെന്നാണ് നിര്‍ദേശം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം