കുടുംബനന്മയാണ് ലോകനന്മ – അമൃതജ്ഞാനതപസ്വിനി

August 14, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

പ്രാര്‍ത്ഥനാലയത്തിലെ ആരാധനയില് രാഷ്ട്രപതി

ശാന്തിഗിരി (പോത്തന്‍കോട്): സ്വന്തം കുടുംബത്തിന്റെ നന്മയാണ് രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മയെന്ന് ശിഷ്യപൂജിത ജനനി അമൃത ജ്ഞാനതപസ്വിനി.
രാഷ്ട്രപതി പ്രതിഭാ പാട്ടീലുമായുള്ള കൂടിക്കാഴ്ചയിലാണ് ശാന്തിഗിരി ആശ്രമത്തിലെ ഗുരുസ്ഥാനീയയായ ജനനി അമൃത ജ്ഞാനതപസ്വിനി ഇതു പറഞ്ഞത്. കുടുംബത്തില്‍ നിന്നാണ് എല്ലാ നന്മയും വളരേണ്ടതെന്നും ശിഷ്യപൂജിത പറഞ്ഞു.
ജനനി അമൃതജ്ഞാന തപസ്വിനിയെ വാസസ്ഥലമായ ഗുരുവിന്റെ കുടിലില്‍ എത്തിയാണ് രാഷ്ട്രപതി കണ്ടത്. ആശ്രമത്തില്‍ എത്തുമ്പോള്‍ രാഷ്ട്രപതിയുടെ കുടുംബം അവരോടൊപ്പം ഇല്ലായിരുന്നു. കേരള സന്ദര്‍ശനത്തിന് ഭര്‍ത്താവും മകളും എത്തിയിരുന്നെങ്കിലും അവര്‍ കുമരകത്തായിരുന്നു.
പതിനഞ്ചുമിനിട്ടോളം നീണ്ട കൂടിക്കാഴ്ചയില്‍ അമൃത ജ്ഞാനതപസ്വിനി ആത്മീയ വഴിയില്‍ എത്തിയതിനെക്കുറിച്ച് രാഷ്ട്രപതി ചോദിച്ചറിഞ്ഞു. ഗുരുവിന്റെ ദര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളും മനസ്സിലാക്കി. ശിഷ്യപൂജിത മലയാളത്തിലും രാഷ്ട്രപതി ഇംഗ്ലീഷിലുമാണ് സംസാരിച്ചത്. ജനനി ഋഷിരത്‌ന ജ്ഞാനതപസ്വിനിയാണ് സംഭാഷണങ്ങള്‍ക്ക് മൊഴിമാറ്റം നടത്തിയത്.
തുടര്‍ന്ന് രാഷ്ട്രപതിക്ക് ശിഷ്യപൂജിത പ്രസാദം നല്‍കി. താമരയുടെ ആകൃതിയിലുള്ള പര്‍ണശാലയുടെ ചെറിയ മാതൃകയും സമ്മാനിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം