കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് പി. രാമകൃഷ്ണന്‍ രാജിതീരുമാനം പ്രഖ്യാപിച്ചു

October 8, 2011 കേരളം

കണ്ണൂര്‍: കെ.സുധാകരന്‍ എം.പിയ്‌ക്കെതിരായ പ്രസ്താവനയുടെ പേരില്‍ വിവാദത്തിലായ കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് പി. രാമകൃഷ്ണന്‍ രാജിതീരുമാനം പ്രഖ്യാപിച്ചു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളത്തിലാണ് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷസ്ഥാനം രാജിവെക്കുമെന്നറിയിച്ചത്. സുധാകരനെതിരായ രാമകൃഷ്ണന്റെ വിമര്‍ശനം കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിഷേധം വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് രാജി തീരുമാനം പ്രഖ്യാപിച്ചത്.

കെ.പി.സി.സി. നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയിട്ടില്ലെങ്കിലും രാജി തീരുമാനം ഫോണില്‍ വിളിച്ചറിയിച്ചതായി അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിനകം ഔദ്യോഗികമായി രാജിക്കത്ത് നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ ഒരു പ്രബല വിഭാഗവും രാമകൃഷ്ണനെതിരെ പരസ്യമായി രംഗത്തുവന്നതും കെ.പി.സി.സി. കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതുമാണ് രാജിവെക്കാന്‍ സമ്മര്‍ദ്ദത്തിലാക്കിയത്. പരസ്യ പ്രസ്താവന വിലക്കിയിട്ടും അത് ലംഘിച്ചതിന്റെ പേരിലാണ് കെ.പി.സി.സി. നേതൃത്വം ഡി.സി.സി.പ്രസിഡന്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കടുത്ത ഭാഷയിലാണ് പ്രസിഡന്റിനുവേണ്ടി ജനറല്‍ സെക്രട്ടറി എം. ഐ ഷാനവാസ് വിശദീകരണ നോട്ടീസ് നല്‍കിയത്. അതേസമയം സുധാകരനെതിരായ രാമകൃഷ്ണന്റെ പരാതി അന്വേഷിക്കുന്ന കരകുളം കൃഷ്ണപിള്ള ഒക്ടോബര്‍ 10, 11 തീയതികളില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ തെളിവെടുപ്പ് നടത്തും.

കൂത്തുപറമ്പ് വെടിവെയ്പ്പുണ്ടായ ദിവസം എം.വി.രാഘവനെ അവിടേയ്ക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയത് കെ.സുധാകരനാണെന്ന പ്രസ്താവനയാണ് പി.രാമകൃഷ്ണന് വിനയായത്. എന്നാല്‍ തന്റെ പ്രസ്താവന ചാനലുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും താന്‍ പറഞ്ഞ മറ്റ് കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നുമാണ് രാമകൃഷ്ണന്റെ വിശദീകരണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം