ക്ഷേത്രചരിത്രകാരന്‍ പി.ഉണ്ണികൃഷ്ണന്‍ നായര്‍ അന്തരിച്ചു

October 8, 2011 കേരളം

പി.ഉണ്ണികൃഷ്ണന്‍ നായര്‍

തിരുവല്ല: പ്രശസ്ത ക്ഷേത്രചരിത്രകാരന്‍ കാവുംഭാഗം പടിയറ നിരണശ്ശേരില്‍ പി.ഉണ്ണികൃഷ്ണന്‍ നായര്‍ (76) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ആരോഗ്യവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനാണ്. 1955-ല്‍ പ്രസിദ്ധീകരിച്ച ‘സ്‌നേഹത്തിന്റെ പരാജയം’ എന്ന നോവലിനുശേഷം ക്ഷേത്രചരിത്ര രചനയിലേക്ക് തിരിഞ്ഞു. ശ്രീവല്ലഭമഹാക്ഷേത്രചരിത്രം, തിരുപ്പുലിയൂര്‍, തിരുവല്ല ഗ്രന്ഥവരി, ശബരിമല ദര്‍ശനം, ഉപാസനമൂര്‍ത്തികള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. മലയന്‍കീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ ചരിത്രമാണ് അവസാനം പ്രസിദ്ധീകരിച്ച കൃതി. പുരാവസ്തുഗവേഷകനെന്ന നിലയിലും ഉണ്ണികൃഷ്ണന്‍ നായര്‍ ശ്രദ്ധനേടിയിട്ടുണ്ട്. 15 പുസ്തകങ്ങളും 250ഓളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.

ദേവസ്വം ബോര്‍ഡ് പുരസ്‌കാരം, കോഴിക്കോട് തപസ്യ അവാര്‍ഡ്, ആറന്മുള ദര്‍പ്പണം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. പായിപ്പാട് മല്യത്ത് ശ്രീവിലാസത്തില്‍ പി.കമലാദേവി(റിട്ട. ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ടുമെന്‍റ് ഉദ്യോഗസ്ഥ)യാണ് ഭാര്യ. മക്കള്‍: രാജേഷ് (കാനഡ), കെ.രശ്മി (ചീഫ് സബ്എഡിറ്റര്‍, ബാലരമ). മരുമക്കള്‍: ഗീത (കാനഡ), പ്രജിത്ത് (ബില്‍ഡ് ആര്‍ക്ക് കണ്‍സ്ട്രക്ഷന്‍സ്, കോട്ടയം). ശവസംസ്‌കാരം പിന്നീട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം