വെണ്ണക്കല് താമര ഇനി ലോകത്തിന് സ്വന്തം

August 14, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

ശാന്തിഗിരി (പോത്തന്‍കോട്): ആത്മീയദര്‍ശനത്തില്‍ വിരിഞ്ഞ വെണ്ണക്കല്‍ താമരചൂടിയ ഗുരുവിന്റെ പര്‍ണശാല ഇനി ലോകത്തിനു സ്വന്തം. നവജ്യോതി കരുണാകര ഗുരുവിന്റെ ചൈതന്യം നിറഞ്ഞ ശാന്തിഗിരി ആശ്രമത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ലോകത്തിന് സമര്‍പ്പിച്ച പര്‍ണശാല കാഴ്ചയുടെ വിസ്മയം കൂടിയാണ്.

മരത്തലപ്പുകള്‍ക്കുമുയരെ ആകാശത്തിലേക്ക് കൈകൂപ്പി നില്‍ക്കുന്ന തൂവെള്ളത്താമര. അതിന്റെ ഇതളുകളൊരുക്കുന്ന തണലില്‍ ഗുരുചൈതന്യം നിറഞ്ഞ പ്രാര്‍ത്ഥനാ സാന്ദ്രമായ അന്തരീക്ഷം. ശാന്തിയുടെ സന്ദേശം പരത്തിയ ആശ്രമ സ്ഥാപകനായ കരുണാകര ഗുരുവിന് ഏറ്റവും അര്‍ത്ഥവത്തായ സമര്‍പ്പണമായാണ് ഇതിനെ രാഷ്ട്രപതി വിശേഷിപ്പിച്ചത്.

പര്‍ണശാലയുടെ സമര്‍പ്പണം ശാന്തിഗിരിക്ക് ആഘോഷമായിരുന്നു. ആയിരക്കണക്കിന് ഗുരുഭക്തരാണ് അവിടേക്ക് എത്തിച്ചേര്‍ന്നത്. രാവിലെ പത്തരയോടെ ശാന്തിഗിരി ആശ്രമത്തില്‍ എത്തിയ രാഷ്ട്രപതിയെ സന്യാസി-സന്യാസിനിമാരുടെ സംഘം സ്വീകരിച്ചു. തനതുകലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് വരവേല്‍പ്പ് നല്‍കിയത്. ആശ്രമത്തിലെ പ്രാര്‍ത്ഥനാലയത്തിലെ ആരാധനയില്‍ രാഷ്ട്രപതി പങ്കെടുത്തു. തുടര്‍ന്ന് പ്രാര്‍ത്ഥനാ സാന്ദ്രമായ അന്തരീക്ഷത്തില്‍ പര്‍ണശാല രാഷ്ട്രപതി സമര്‍പ്പിച്ചു. അപ്പോള്‍ പുഷ്പാലംകൃതമായ അന്തരീക്ഷത്തില്‍ ദീപമാലകള്‍ തെളിഞ്ഞു.
പിന്നീട് ശിഷ്യപൂജിത ജനനി അമൃത ജ്ഞാനതപസ്വിനിയെ രാഷ്ട്രപതി ദര്‍ശിച്ചു. പതിനഞ്ചു മിനിട്ടോളം കൂടിക്കാഴ്ച നീണ്ടു. ശാന്തിഗിരി ആശ്രമത്തിന് വിവേകപൂര്‍ണമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന ഗുരുശിഷ്യയെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം രാഷ്ട്രപതി വാക്കുകളില്‍ പങ്കുവെച്ചു.

പ്രത്യേകം തയ്യാറാക്കിയ പടുകൂറ്റന്‍ പന്തലിലാണ് പര്‍ണശാലാ സമര്‍പ്പണ സമ്മേളനം നടന്നത്. ശാന്തിഗിരി ആശ്രമം വിവിധ രംഗങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ രാഷ്ട്രപതി പ്രശംസിച്ചു. ജാതിമതവര്‍ഗ വ്യത്യാസങ്ങളില്ലാതെ മനുഷ്യരാശിയെ ഒന്നിപ്പിക്കാന്‍ ശ്രമിച്ച കരുണാകരഗുരുവിന്റെ വീക്ഷണങ്ങള്‍ താഴേക്കിടയിലുള്ളവരുടെ പുരോഗതിക്കും സ്ത്രീശാക്തീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉതകുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.

ആയുര്‍വേദ, സിദ്ധ ചികിത്സാശാഖകളുടെ പുരോഗതിക്ക് ശാന്തിഗിരി നല്‍കുന്ന സേവനങ്ങളെയും അവര്‍ പ്രകീര്‍ത്തിച്ചു.

പര്‍ണശാലയുടെ മാതൃക തന്നെയാണ് ആശ്രമം അധികൃതര്‍ രാഷ്ട്രപതിക്ക് ഉപഹാരമായി നല്‍കിയതും. സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും ഗുരുരത്‌ന ജ്ഞാനതപസ്വിയും ചേര്‍ന്നാണ് ഉപഹാരം സമര്‍പ്പിച്ചത്. ആശ്രമത്തിലെ അന്തേവാസിയായ സുജിത്താണ് ഈ മാതൃക തയ്യാറാക്കിയത്.

ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനി ദര്‍ശനത്തില്‍ കണ്ട രൂപത്തിലാണ് പര്‍ണശാല നിര്‍മിച്ചത്. 2001ല്‍ ശിലാസ്ഥാപനം നടത്തിയ പര്‍ണശാലയ്ക്ക് 91 അടി ഉയരമുണ്ട്. 21 ഇതളുകളാണ് ഈ താമര ശില്പത്തിന്. 84 അടിയാണ് വ്യാസം. മുകളിലോട്ട് പന്ത്രണ്ട് ഇതളുകളും താഴേക്ക് ഒന്‍പത് ഇതളുകളും. രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന ഒരുലക്ഷം ചതുരശ്ര അടി മക്രാന മാര്‍ബിളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. താജ്മഹലിനുശേഷം ഇത്രയധികം മക്രാന മാര്‍ബിള്‍ ഉപയോഗിച്ചിരിക്കുന്നത് ഇവിടെയാണെന്ന് ആശ്രമ അധികൃതര്‍ പറഞ്ഞു.

ഒരുമാസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്കുശേഷം നവപൂജിത ആഘോഷദിനമായി സപ്തംബര്‍ 12ന് പര്‍ണശാല ജനങ്ങള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം