കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്‍ രാജിവെച്ചു

October 8, 2011 കേരളം

കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്‍ രാജിവെച്ചു. കെപിസിസി നേതൃത്വത്തിന് ഫാക്‌സ് വഴിയാണ് രാമകൃഷ്ണന്‍ രാജിക്കത്ത് അയച്ചത്. രാമകൃഷ്ണന്‍ രാവിലെ രാജിസന്നദ്ധത അറിയിച്ചിരുന്നു. രാമകൃഷ്ണന്റെ രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പിന്നീട് അറിയിച്ചു. കൂത്തുപറമ്പ് വെടിവെയ്പ്പുണ്ട ായ ദിവസം എം.വി.രാഘവനെ അവിടേയ്ക്ക് നിര്‍ബന്ധിച്ച് കൊണ്ടു പോയത് കെ.സുധാകരന്‍ എംപിയാണെന്ന പ്രസ്താവനയാണ് പി.രാമകൃഷ്ണന് വിനയായത്. എന്നാല്‍ തന്റെ പ്രസ്താവന ചാനലുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും താന്‍ പറഞ്ഞ മറ്റു കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും രാമകൃഷ്ണന്‍ പിന്നീട് വിശദീകരിച്ചിരുന്നു.

താന്‍ കോണ്‍ഗ്രസ് വിരുദ്ധനല്ലെന്നും അക്രമരാഷ്ട്രീയത്തിനെതിരെ പോരാട്ടം തുടരുമെന്നും രാജി സന്ദേശം ഫാക്‌സ് ചെയ്തതിനുശേഷം ഇന്ന് പി.രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഉപരോധിച്ചവരോടും കെപിസിസി നേതൃത്വം വിശദീകരണം തേടണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

പരസ്യ പ്രസ്താവന വിലക്കിയിട്ടും അത് ലംഘിച്ചതിന്റെ പേരില്‍ കെപിസിസി നേതൃത്വം രാമകൃഷ്ണന് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സുധാകരനെതിരായ രാമകൃഷ്ണന്റെ പരാതി അന്വേഷിക്കുന്ന കരകുളം കൃഷ്ണപിള്ള ഈ മാസം 10, 11 തീയതികളില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ തെളിവെടുപ്പ് നടത്താനിരിക്കെയാണ് രാമകൃഷ്ണന്‍ രാജിവെച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം