ഓണം വാരാഘോഷം 22 മുതല്; കമലാഹാസനെ ആദരിക്കും

August 14, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണംവാരാഘോഷ പരിപാടി ആഗസ്ത് 22 ന് തുടങ്ങും. അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിടുന്ന കമലാഹാസനെ ടൂറിസം വാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആഗസ്ത് 22 ന് വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഓണംവാരാഘോഷത്തിന് തിരിതെളിയിക്കും. കമലഹാസന് സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം മുഖ്യമന്ത്രി സമര്‍പ്പിക്കും. തുടര്‍ന്ന് അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചുകൊണ്ട് ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘സ്വര്‍ണകമലം’ പരിപാടി അരങ്ങേറും.
ഡോ. നീനാപ്രസാദിന്റെ നൃത്തശില്‍പ്പം, ബാലഭാസ്‌കറിന്റെ സിംഫണി, ജയറാം നേതൃത്വം നല്‍കുന്ന കലാവിരുന്ന്, കമലഹാസന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി എസ്.പി.ബാലസുബ്രഹ്മണ്യം നയിക്കുന്ന ഗാനമേള, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കരുണാമൂര്‍ത്തി, ധനഞ്ജയന്‍-ശാന്താ ധനഞ്ജയന്‍ എന്നിവര്‍ അണിനിരക്കുന്ന നൃത്ത-വാദ്യശില്‍പ്പം എന്നിവയാണ് സ്വര്‍ണകമലത്തിന്റെ ഉള്ളടക്കം.

സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓണാഘോഷ പരിപാടി സംഘടിപ്പിക്കാന്‍ 1.67 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് കോടിയേരി അറിയിച്ചു. 4000 കലാകാരന്‍മാര്‍ക്ക് ഓണം വാരാഘോഷം അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം