അണ്ണാ ഹസാരെയ്ക്ക് പാര്‍ലമെന്റിന് അതീതനായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍

October 9, 2011 ദേശീയം

ന്യൂഡല്‍ഹി: അണ്ണാ ഹസാരെയ്ക്ക് ഒരു പൗരനെന്ന നിലയില്‍ പാര്‍ലമെന്റിന് അതീതനായി പ്രവര്‍ത്തിക്കാന്‍  അവകാശമുണ്ടെന്ന് അദ്ദേഹത്തിന്റെ അനുയായി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. എല്ലാ പൗരന്‍മാരും പാര്‍ലമെന്റിന് അതീതരാണെന്ന കാര്യം ഓര്‍ക്കേണ്ടതാണെന്നും ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിനേക്കാള്‍ പ്രധാനം പൗരന്മാരാണെന്ന് ഭരണഘടന പറയുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു ബില്‍ വേഗത്തില്‍ പാസാക്കാന്‍ പാര്‍ലമെന്റിനു മേല്‍ ഹസാരെ സമ്മര്‍ദം ചെലുത്തുന്നതിനെ ന്യായീകരിക്കാനാവുമോയെന്നും അദ്ദേഹം സ്വയം പാര്‍മെന്റിന് അതീതനാവുകയല്ലേ എന്നുമുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കെജ്‌രിവാള്‍.

ജനലോക്പാല്‍ ബില്‍ പാസാക്കേണ്ടത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ കടമയാണ്. കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തുമെന്നു പറയുമ്പോള്‍ ഹസാരെ ഉദ്ദേശിച്ചത് യുപിഎ സര്‍ക്കാരിനെ മൊത്തത്തിലാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജനലോക്പാല്‍ ബില്ലിനെ ബിജെപി പിന്തുണച്ചില്ലെങ്കില്‍ യുപി തിരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിക്കെതിരെയും ഹസാര സംഘം പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം