ലോക്പാല്‍: സംയുക്തസമിതി യോഗത്തിന്റെ ശബ്ദരേഖ പരസ്യപ്പെടുത്തും

October 9, 2011 ദേശീയം

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ല് രൂപീകരിക്കുന്നതിനായി ചേര്‍ന്ന സംയുക്തസമിതി യോഗത്തിന്റെ ശബ്ദരേഖ പരസ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ തീരുമാനം. അന്നാ ഹസാരെ സംഘവുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് പരസ്യപ്പെടുത്തുക.

നേരത്തെ ശബ്ദരേഖ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ എസ്.പി.അഗര്‍വാള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇത് നിരസിക്കുകയായിരുന്നു. ശബ്ദരേഖ പുറത്തുവിടണമെന്ന് അന്നാ ഹസാരെ സംഘവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഒമ്പത് സിഡികളിലാണ് ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്. ഇവ ലഭ്യമാകണമെങ്കില്‍ 450 രൂപ ഡെപ്പോസിറ്റ് ചെയ്യണമെന്നാണ് എസ്.പി.അഗര്‍വാള്‍ നല്‍കിയ അപേക്ഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിനെതിരെ അന്നാ ഹസാരെ സംഘം പരസ്യപ്രചാരണവുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം