ഗുരുസങ്കല്‍പ്പം

October 10, 2011 സനാതനം

ഗുരുവിനെപ്പറ്റിയുള്ള ഭാരതീയദര്‍ശനം

സ്വാമി സത്യാനന്ദസരസ്വതി

‘ഗു’ ശബ്ദമന്ധകാരം താന്‍ ‘രു’ ശബ്ദം തന്നിരോധകം ഇരുട്ടു നീക്കീടുകയാല്‍ ഗുരുവെന്നരുളുന്നിതേ
‘ഗു’ എന്ന ശബ്ദം അജ്ഞാനത്തെയും ‘രു’ ശബ്ദം ജ്ഞാനത്തെയും സൂചിപ്പിക്കുന്നു. ജ്ഞാനമാകുന്ന ചൈതന്യംകൊണ്ട്‌ (പ്രകാശം കൊണ്ട്‌) അജ്ഞാനമാകുന്ന ഇരുട്ടിനെ അകറ്റുന്നവനാണ്‌ ഗുരു. ഇവിടെ അജ്ഞാനത്തെ ഇരുട്ടായും ജ്ഞാനത്തെ (അറിവിനെ) പ്രകാശമായും വിശേഷിപ്പിച്ചിരിക്കുന്നു.
ഈശ്വരേധീര്‍ ജ്ഞാനം വിജ്ഞാനമന്യത്ര ലൗകികേ
ഇതിന്റെ അര്‍ത്ഥം:-
ജ്ഞാനമുണ്ടാകുന്നതു വിജ്ഞാനം കൊണ്ടുതന്നെ
ഞാനിതെന്നറിവിനു കാരണമാകയാലെ
എന്ന രാമായണത്തിലെ വരികള്‍ തന്നെയാണ്‌.
ഇവിടെ വസ്‌തുബോധം ഉളവാക്കുന്ന അറിവ്‌ വസ്‌തുഗുണങ്ങളെ സ്വീകരിക്കുന്നില്ല. അറിവ്‌ അറിവായിത്തന്നെ നിലകൊള്ളുന്നു. സുഗന്ധം അറിയുകയില്ല. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല. മറിച്ച്‌ ദുര്‍ഗന്ധത്തെ അറിയുന്നതും ആ അറിവുകൊണ്ടുതന്നെ. ദുര്‍ഗന്ധവും അതിനുശേഷം ആ അറിവില്‍ നിന്നകലുന്നു. ഇങ്ങനെ വസ്‌തുഗുണങ്ങളെ ഗ്രഹിക്കുകയില്ലാതെ അറിവ്‌ വസ്‌തുഗുണമായി മാറുന്നില്ല.
ഗുരുവിനെ വന്ദിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരീരം, അര്‍ത്ഥം, പ്രാണന്‍ ഇവ ഗുരുപാദങ്ങളില്‍ അര്‍പ്പിച്ചാണ്‌ നമസ്‌കരിക്കേണ്ടത്‌. ഗുരുവിനെ അര്‍ത്ഥകാംക്ഷിയായി കാണുന്നതിനു ഈ സങ്കല്‍പം കാരണമായാല്‍ അവിടെ ഗുരുത്വദോഷം സംഭവിക്കുന്നു. അര്‍പ്പിക്കുന്നവന്റെ മനസ്സില്‍ ത്യാഗം വളര്‍ത്തുവാനുള്ള മാര്‍ഗമായിട്ടേ മേല്‍പറഞ്ഞ അര്‍പ്പണത്തെ കരുതാവൂ. ദുഷിച്ചവനില്‍ അര്‍പ്പിക്കുന്നവസ്‌തു, അധര്‍മ്മോപാധിയായിത്തീരുന്നതിനാല്‍ അത്‌ ത്യാഗം എന്ന സങ്കല്‍പ്പത്തിന്‌ യോജിക്കുന്നില്ല. ദാനം ചെയ്യുന്നത്‌ ആര്‍ക്കായാലും ധര്‍മമല്ലേ? എന്ന സംശയമുണ്ടാകാം. ആ സംശയത്തിനു മറുപടിയാണ്‌ മേല്‍ സൂചിപ്പിച്ചത്‌. ഗുരു എന്ന വാക്കിനര്‍ഥംതന്നെ ജ്ഞാനംകൊണ്ട്‌ അജ്ഞാനത്തെ അകറ്റുന്നവന്‍ എന്നാണല്ലോ? ധര്‍മ്മദീക്ഷിതനായ ഗുരു മനസാ, വാചാ, കര്‍മ്മണാ അധര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുകയില്ല. എന്നാല്‍ മദ്യപാനിയ്‌ക്കുവേണ്ടിയുള്ള ദാനം അക്രമത്തിന്‌ പ്രേരണ നല്‍കാം. ഗുരുവിലര്‍പ്പിക്കുന്ന ധര്‍മഫലം അര്‍പിക്കുക എന്നുള്ള കാര്യംകൊണ്ട്‌ മദ്യപാനിയില്‍ സംഭവിക്കുന്നില്ല.
‘സല്‍പ്പാത്രത്തി്‌ങ്കലല്ലോ ദാനവും ചെയ്‌തീടേണം’
എന്നുള്ള ആപ്‌തവാക്യം അര്‍പ്പണം കൊണ്ട്‌ നേടേണ്ട ധര്‍മസ്വഭാവത്തെ സ്‌പഷ്ടമാക്കുന്നു.
ശരീരമര്‍പിക്കുമ്പോള്‍, പഞ്ചഭൂതാത്മകമായ സര്‍വവും അതിനോട്‌ ബന്ധപ്പെട്ട്‌ നില്‌ക്കുന്ന ശരീരാഭിമാനവും (ദേഹാഭിമാനവും) അര്‍പ്പിക്കപ്പെടുന്നു. മേല്‍പ്പറഞ്ഞ ദേഹാഭിമാനം അജ്ഞാനം നിമിത്തം ഉണ്ടാകുന്നു.
‘ദേഹാഭിമാനം നിമിത്തമായുണ്ടായ
മോഹേന ലോകം ദഹിപ്പിപ്പനിന്നു നീ
മാനസതാരില്‍ നിരൂപിച്ചതും തവ
ജ്ഞാനമില്ലായ്‌കെന്നറിക നീ ലക്ഷ്‌മണ’
കോപാന്ധനായി നില്‍ക്കുന്ന ലക്ഷ്‌മണനെ സാന്ത്വനപ്പെടുത്തുവാന്‍ രാമന്‍ ഉപദേശിക്കുന്ന അമൃതനിഷ്യന്ദിയായ തത്ത്വമാണിത്‌. മേല്‍പ്പറഞ്ഞ വരികളില്‍ ദേഹാഭിമാനം അജ്ഞാനത്തെ ഉണ്ടാക്കുന്നതാണെന്ന്‌ തെളിയുന്നു. ഞാനെന്നും എന്റെയെന്നുമുള്ള സങ്കല്‍പ്പത്തിലാണ്‌ ദേഹാഭിമാനം ഉണ്ടാകുന്നത്‌ പഞ്ചഭൂതാത്മകമായ ശരീരമാണ്‌ ഇതിനുകാരണം. ശരീരം ഗുരുവിലര്‍പ്പിക്കുമ്പോള്‍ പഞ്ചഭൂതാത്‌കമായ ദേഹാഭിമാനവും അര്‍പ്പിക്കപ്പെടുന്നു. ഗുരുവും ബ്രഹ്മവും ഒന്നായതിനാല്‍ ഗുരുവിലര്‍പ്പിക്കുന്നത്‌ ബ്രഹ്മാര്‍പ്പണംതന്നെ.

(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം