പ്രശസ്‌ത ഗസല്‍ ഗായകന്‍ ജഗ്‌ജിത്‌ സിങ്‌ അന്തരിച്ചു

October 10, 2011 ദേശീയം

മുംബൈ: പ്രശസ്‌ത ഗസല്‍ ഗായകന്‍ ജഗ്‌ജിത്‌ സിങ്‌ (70)അന്തരിച്ചു. രാവിലെ എട്ടിനു മുംബൈ ലീലാവതി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മസ്‌തിഷ്‌കാഘാതത്തെ തുടര്‍ന്ന്‌ രണ്ടാഴ്‌ചയായി ചികിത്സയിലായിരുന്നു.ഏഴു ഭാഷകളില്‍ പാടിയിട്ടുള്ള ഇദ്ദേഹത്തിനു പത്മഭൂഷണ്‍ അടക്കം നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്‌. സ്വതസിദ്ധമായ ശൈലിയില്‍ ഗസലുകള്‍ സൃഷ്‌ടിക്കുന്ന ഗസല്‍രാജാവായിരുന്നു ജഗ്‌ജിത്‌ സിങ്‌. ക്ലാസിക്കലും വെസ്‌റ്റേണും കൂട്ടിക്കലര്‍ത്തി ഗസലിന്‌ പുതിയ രൂപവും ഭാവവും നല്‍കുന്ന ഗസല്‍ജേതാവ്‌. കോടിക്കണക്കിന്‌ ജനങ്ങളുടെ മനസ്സില്‍ സംഗീതമഴ പെയ്യിച്ച അതുല്യ സംഗീത പ്രതിഭ.

രാജസ്‌ഥാനില്‍ ജനിച്ച ജഗ്‌ജിത്തിനെ അച്‌ഛന്‍ സര്‍ദാര്‍ അമര്‍ സിങ്‌ ഭക്‌തിഗാനങ്ങളും ശാസ്‌ത്രീയഗാനങ്ങളും മാത്രം പാടാന്‍ പരിചയിപ്പിച്ചു. എന്നാല്‍ വളര്‍ന്നപ്പോള്‍ ജഗ്‌ജിത്തിന്‌ ആധുനിക സംഗീതവുമായി അമിതമായ അടുപ്പമുണ്ടായി. കച്ചേരിയിലുള്ള പ്രാവിണ്യവും ആധുനിക സംഗീതത്തോടുള്ള കമ്പമാണ്‌ ഗസലിന്റെ വഴി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്‌. ജഗ്‌ജിത്ത്‌ സിങ്‌ ഗസലിന്റെ ലോകത്തേക്കു വന്നത്‌ 1976 ലാണ്‌.

പ്രണയവും വിരഹവും കോര്‍ത്തിണക്കിയ ഓരോ ഗാനവും ജനലക്ഷങ്ങളുടെ നയനങ്ങളെ ഈറനണിയിക്കുന്നവയായിരുന്നു. തന്റെ ആല്‍ബങ്ങള്‍ക്ക്‌ ആദ്യം ഇംഗ്ലിഷ്‌ പേരുകള്‍ മാത്രം നല്‍കിയിരുന്ന ജിത്ത്‌ ക്രമേണ പേരുകള്‍ ഉര്‍ദുവിലും ഹിന്ദിയിലും മാത്രം ആക്കി. ജഗജിത്തിന്റെ സംഗീതം മെല്ലെ ബോളിവുഡ്‌ സിനിമകളിലേക്കും ഒഴുകാന്‍ തുടങ്ങി. ദുഷ്‌മന്‍, സര്‍ഫറോഷ്‌ , തും ബിന്‍ തുടങ്ങി അനേകം ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ അദ്ദേഹം സിനിമയിലും തന്റെ സാന്നിധ്യം കുറിച്ചു.

ഇതിനിടെ, തന്റെ സംഗീത യാത്രയില്‍ ആകസ്‌മികമായി കണ്ടുമുട്ടിയ ചിത്ര എന്ന ഗായികയുമായി പ്രണയം ഉടലെടുക്കുകയും അത്‌ വിവാഹത്തില്‍ കലാശിക്കുകയും ചെയ്‌തു. ഇരുവരും ഒന്നിച്ചായിരുന്നു സംഗീത യാത്രകളും. സംഗീതലോകത്ത്‌ പ്രശസ്‌തരായ ദമ്പതികളില്‍ പ്രമുഖരും ഇവര്‍ തന്നെ. ഇരുവരും ചേര്‍ന്നുള്ള സംഗീതയാത്രയില്‍ അനേകം ഹിറ്റ്‌ ആല്‍ബങ്ങള്‍ ഉടലെടുത്തുവെങ്കിലും പാതിവഴിയില്‍ ചിത്ര സിങ്‌ തന്റെ സംഗീതയാത്ര അവസാനിപ്പിച്ചു. ഏക മകന്‍ വിവേകിന്റെ മരണം മൂലം ചിത്ര സംഗീതം ഉപേക്ഷിച്ചു, വേദനയില്‍ പിന്നീട്‌ അതിന്‌ കഴിഞ്ഞില്ലെന്നതുതന്നെ വാസ്‌തവം. (ഇരുവരും ചേര്‍ന്ന്‌ അവസാനം പാടിയ ആല്‍ബം `സംവേര്‍ സംവേര്‍ ആയിരുന്നു). എന്നാല്‍ ജിത്തിന്‌ സംഗീതം ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. കാരണം സംഗീതമാണ്‌ അദ്ദേഹത്തിന്റെ ജീവിതം. മകന്റെ വേര്‍പാടിന്റെ വേദന അദ്ദേഹം മറക്കുന്നത്‌ സംഗീതത്തിലൂടെ മാത്രമാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം