എസ്എഫ്‌ഐ സംഘര്‍ഷം: നാലു റൗണ്ട് വെടിവെച്ചുവെന്ന് അസി. കമ്മീഷണര്‍

October 10, 2011 കേരളം

കോഴിക്കോട്: കോഴിക്കോട് എസ്എഫ്‌ഐ സംഘര്‍ഷത്തിനിടെ നാലു തവണ ആകാശത്തേക്ക് വെടിവെച്ചതായി കോഴിക്കോട് അസി. കമ്മീഷണര്‍ വെളിപ്പെടുത്തി. തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നും അസി.കമ്മീഷണര്‍ രാധാകൃഷ്ണപിള്ള പറഞ്ഞു. പ്രകോപിതരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ തനിക്ക് മുന്നില്‍ മറ്റു മാര്‍ഗമില്ലായിരുന്നുവെന്ന് അസി. കമ്മീഷണര്‍ മേലുദ്യോഗസ്ഥരോട് വിശദീകരിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ തഹസില്‍ദാര്‍ പ്രേംരാജിന്റെ നിര്‍ദേശപ്രകാരമാണ് വെടിവെച്ചതെന്നും രാധാകൃഷ്ണപിള്ള പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷമെ പ്രതികരിക്കാനാവൂ എന്ന് ജില്ലാ കളക്ടര്‍ പി.ബി.സലീം പറഞ്ഞു. അതേസമയം, അസി.കമ്മീഷണര്‍ വെടിവെച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചു.

അതേസമയം കോഴിക്കോട് എഞ്ചിനീയറിംഗ് കോളജിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ അസി.കമ്മീഷണര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുക്കും. വെടിവെയ്പ്പു സംബന്ധിച്ച ജില്ലാ കളക്ടറോട് വിശദീകരണം തേടിയിട്ടുണ്‌ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ഇ.ഗംഗാധരന്‍ പറഞ്ഞു. വെടിവെയ്പ്പിനുള്ള സാഹചര്യം നിലനിന്നിരുന്നോ എന്ന് കമ്മീഷന്‍ അന്വേഷിക്കും. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കമ്മീഷന്‍ മെഡിക്കല്‍ കോളജിലെത്തി സന്ദര്‍ശിക്കുമെന്നും ഗംഗാധരന്‍ പറഞ്ഞു.

അതിനിടെ വെടിവെയ്പ്പിനെക്കുറിച്ച് ഡിജിപി റിപ്പോര്‍ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് വെടിയുതിര്‍ത്ത അസി.കമ്മീഷണര്‍ രാധാകൃഷ്ണപിള്ള പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം