ദയാനിധി മാരനെതിരെ സിബിഐ കേസെടുത്തു

October 10, 2011 ദേശീയം

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരനെതിരെ സിബിഐ കേസെടുത്തു. എയര്‍സെല്‍ മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്. ദയാനിധി മാരന്റേയും കലാനിധി മാരന്റേയും വീട്ടില്‍ സിബിഐ റെയ്ഡ് നടത്തുകയാണ്. അതിനിടെ 2ജി സ്‌പെക്ട്രം കേസില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ പ്രതിയാക്കണമെന്നാവശ്യപ്പെട്ടുള്ള സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ചിദംബരത്തിനെതിരായ അന്വേഷണത്തെ കേന്ദ്രസര്‍ക്കാരും സിബിഐയും കോടതിയില്‍ എതിര്‍ത്തിരുന്നു.

എന്നാല്‍ ചിദംബരത്തിനെതിരായ ധനമന്ത്രാലയത്തിന്റെ കുറിപ്പും, രാജയും ചിദംബരവും തമ്മിലുള്ള ഗൂഡാലോചനയും പരിശോധിക്കണമെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം. ഇക്കാര്യത്തില്‍ സിബിഐയും കേന്ദ്രസര്‍ക്കാരും കോടതിയെ ഇന്ന് നിലപാട് അറിയിക്കും. ജസ്റ്റിസുമാരായ ജി.എസ്. സിംഗ്‌വിയും എ.കെ. ഗാംഗുലിയും അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം