നിര്‍മ്മല്‍ മാധവിന് വെസ്റ്റ് ഹില്‍ എഞ്ചിനീയറിങ് കോളേജില്‍ പ്രവേശനം നല്‍കിയതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് മുഖ്യമന്ത്രി

October 11, 2011 കേരളം

തിരുവനന്തപുരം: നിര്‍മ്മല്‍ മാധവിന് വെസ്റ്റ് ഹില്‍ എഞ്ചിനീയറിങ് കോളേജില്‍ പ്രവേശനം നല്‍കിയതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതിന് വിദ്യാഭ്യാസ സെക്രട്ടറി ഉള്‍പ്പടെ മറ്റാരേയും കുറ്റപ്പെടുത്തേണ്ട. കോഴിക്കോട് വെടിവെയ്പിനെക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിര്‍മ്മലിന് പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പഠിപ്പിക്കും. നിര്‍മ്മലിനെ ഒരു കോളേജിലും പഠിപ്പിക്കില്ലെന്ന നിലപാട് എസ്.എഫ്.ഐ തിരുത്തണം. നിര്‍മ്മല്‍ മാധവ് എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം സഹിക്ക വയ്യാതെ ഒരിക്കല്‍ ആത്മഹത്യക്ക് തുനിഞ്ഞ വിദ്യാര്‍ഥിയാണ്. ആ വിദ്യാര്‍ഥി എഴുതിയ ആത്മഹത്യക്കുറിപ്പ് തന്റെ കൈയ്യിലുണ്ട്.

നിര്‍മ്മല്‍ മാധവ് റാഗിങ്ങിനെ ഇരയായി എന്നത് പച്ചക്കള്ളമാണെന്ന് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ എ പ്രദീപ് കുമാര്‍ പറഞ്ഞു. എന്നാല്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റാഗിങ്ങ് നടന്നിരുന്നുവെന്ന് കണ്ടെത്തിയതാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സര്‍ക്കാര്‍ മെറിറ്റ് അട്ടിമിറിച്ച് നിര്‍മ്മല്‍ മാധവിന് പ്രവേശനം നല്‍കിയെന്ന ആരോപണത്തിന് കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്തും സമാനമായി പലര്‍ക്കും പ്രവേശനം നല്‍കിയതിന്റെ പേര് വിവരങ്ങള്‍ സഹിതം മുഖ്യമന്ത്രി സഭയില്‍ ചൂണ്ടിക്കാട്ടി. നിര്‍മ്മലിന്റെ കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ പരിശോധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം