പിഎസ്എല്‍വി സി -18 വിക്ഷേപണം വിജയിച്ചു

October 12, 2011 ദേശീയം

ശ്രീഹരിക്കോട്ട(ആന്ധ്ര):  ഇന്ത്യ – ഫ്രഞ്ച് സംയുക്ത ഉപഗ്രഹം ‘മേഘ ട്രോപ്പിക്‌സ് ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എല്‍വി സി -18 വിക്ഷേപണം വിജയകരമായി. വിക്ഷേപണം വിജയകരമായിരുന്നെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. പിഎസ്എല്‍വിയുടെ 20-ാം വിക്ഷേപണമാണിത്. രാവിലെ 11നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ലക്‌സംബര്‍ഗില്‍ നിന്നുള്ള വെസല്‍സാറ്റ്, എസ്ആര്‍എം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച എസ്ആര്‍എം സാറ്റ്, കാണ്‍പുര്‍ ഐഐടി വിദ്യാര്‍ഥികള്‍ നിര്‍മിച്ച ‘ജുഗ്നു   എന്നീ ഉപഗ്രഹങ്ങളും പിഎസ്എല്‍വി താല്‍ക്കാലിക ഭ്രമണപഥത്തിലെത്തിച്ചു. കപ്പലുകള്‍ പുറപ്പെടുവിക്കുന്ന സിഗ്നലുകള്‍ പിടിച്ചെടുക്കുകയും ഗതി നിയന്ത്രിക്കുകയും ചെയ്യുകയാണു വെസല്‍സാറ്റിന്റെ ലക്ഷ്യം.

വിക്ഷേപിച്ച് 25 മിനിറ്റിനുള്ളില്‍ എല്ലാ ഉപഗ്രഹങ്ങളും ഭൂമിയില്‍ നിന്ന് 867 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി. അന്തരീക്ഷത്തിലെ താപ, മര്‍ദ വ്യത്യാസങ്ങളും ജലസാന്ദ്രതയുമാണു മേഘ ട്രോപ്പിക്‌സിന്റെ മുഖ്യ പഠനവിഷയം. ഹരിതഗൃഹ വാതകങ്ങളെ കുറിച്ച് എസ്ആര്‍എം സാറ്റും പ്രകൃതി ദുരന്തങ്ങളെ കുറിച്ചു ജുഗ്നുവും പഠിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം