ലാലിനെതിരായ പരാതിയില്‍ കേന്ദ്ര പ്രതിരോധവകുപ്പ് അന്വേഷണം നടത്തുമെന്ന് എ.കെ ആന്റണി

October 12, 2011 ദേശീയം

ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്ന് പരാതിയുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. ലാലിനെതിരായ പരാതിയില്‍ കേന്ദ്ര പ്രതിരോധവകുപ്പ് അന്വേഷണം തുടങ്ങിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പരാതികളാണ് ഇത് സംബന്ധിച്ച് സൈനിക ആസ്ഥാനത്ത് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. അതിലൊന്ന് സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ഒരു ബ്രിഗേഡിയര്‍ നല്‍കിയ പരാതിയാണ്.

മോഹന്‍ലാല്‍ അഭിനയിച്ച ഒരു ടെലിവിഷന്‍ പരസ്യം ശ്രദ്ധയില്‍ പെട്ടതാണ് ഇദ്ദേഹം പരാതി നല്‍കാന്‍ കാരണം. ലെഫ്റ്റനന്റ് കേണല്‍ പദവിയുടെ പേരില്‍ സൈനിക യൂണിഫോം, മെഡലുകള്‍ എന്നിവ വാണിജ്യാവശ്യങ്ങള്‍ക്കോ മറ്റെന്തെങ്കിലും സന്ദര്‍ഭങ്ങളിലോ ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെ മോഹന്‍ലാല്‍ ഗ്രാന്‍ഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിനും ഒരു സ്വര്‍ണ്ണക്കടയുടേയും പരസ്യത്തില്‍ ഇത്തരം രീതിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം താന്‍ അഭിനയിച്ച കാണ്ടഹാര്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ച വേഷമാണ് പരസ്യത്തിലുള്ളതെന്നും അത് ടെറിട്ടോറിയല്‍ ആര്‍മിയുടേതല്ലെന്നുമാണ് മോഹന്‍ലാല്‍ നല്‍കുന്ന വിശദീകരണം. സൈനിക പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ യാതൊരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാവുന്നതാണെന്നും മോഹന്‍ലാല്‍ ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

2010 ഡിസംബര്‍, 2011 ജനുവരി എന്നീ മാസങ്ങളില്‍ വന്ന ചില ചാനല്‍പത്ര പരസ്യങ്ങളാണ് മോഹന്‍ലാലിന് വിനയായത്. രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് അഭിനയലോകത്തിന് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി രാഷ്ട്രം ആദരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം