ഇന്‍ഫോസിസിന്റെ ലാഭത്തില്‍ വന്‍വര്‍ധന

October 12, 2011 ദേശീയം

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന് ജൂലായ്-സപ്തംബര്‍ ത്രൈമാസത്തില്‍ 1,906 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍ 9.72 ശതമാനമാണ് വര്‍ധന. വിപണി നിരീക്ഷകര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതലാണ് ഇത്. പുറംകരാറുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് കമ്പനിക്ക് നേട്ടമായത്.  വരുമാനം 6,947 കോടി രൂപയില്‍ നിന്ന് 16.58 ശതമാനം ഉയര്‍ന്ന് 8,099 കോടിയിലെത്തി.

ആഗോള സാമ്പത്തിക സ്ഥിതി ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണെന്നും ഇത് ഐടി മേഖലയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും ഇന്‍ഫോസിസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ എസ്.ഡി.ഷിബുലാല്‍ പറഞ്ഞു. തങ്ങളുടെ ക്ലയന്റുകളെല്ലാം അവരുടെ നിക്ഷേപത്തിന് ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

2012 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന മാര്‍ജിന്‍ ഒരു ശതമാനത്തോളം പോയന്റ് താഴ്‌ന്നേക്കുമെന്ന് കമ്പനി വിലയിരുത്തുന്നു. ഡോളര്‍ അടിസ്ഥാനത്തില്‍ വരുമാനവളര്‍ച്ചാ ലക്ഷ്യം 18-20 ശതമാനത്തില്‍ നിന്ന് 17.1-19.1 ശതമാനമായി താഴ്ത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം