2ജി സ്‌പെക്ട്രം അഴിമതി: കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

October 14, 2011 ദേശീയം

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സമയോചിത നടപടികളെടുത്തില്ലെന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. സ്‌പെക്ട്രം ലേലം ചെയ്യണമെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിലപാട് അവഗണിക്കപ്പെട്ടതില്‍ കോടതി കടുത്ത നിരാശ രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഉപദേശം രാജ അവഗണിച്ച ഘട്ടത്തില്‍ നിര്‍ണായകമായ തീരുമാനമെടുക്കേണ്ടിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌പെക്ട്രം വിതരണത്തിനു തൊട്ടുമുന്‍പുള്ള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെയാണു ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വി, എച്ച്.എല്‍. ദത്തു എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചത്. ലേലത്തിനു സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിട്ടും ‘ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന നയമാണ് എ. രാജയ്ക്കു കീഴിലായിരുന്ന ടെലികോം മന്ത്രാലയം സ്വീകരിച്ചത്. പരിമിതമായ സ്‌പെക്ട്രം ലേലം ചെയ്യണമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായം നിലനില്‍ക്കേ ഇത് അംഗീകരിക്കാതെ സ്വന്തം നയവുമായി രാജ മുന്നോട്ടു പോവുകയായിരുന്നു. ഇതു തടയാനുള്ള സമയോചിത നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ല. ലേലത്തെ ധനമന്ത്രാലയവും എതിര്‍ത്തു. എന്താണു സംഭവിക്കാന്‍ പോകുന്നതെന്നു സര്‍ക്കാരിന് അറിയില്ലായിരുന്നോ എന്നു കോടതി ആരാഞ്ഞു.

സ്‌പെക്ട്രം ലേലം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു 2007 നവംബര്‍ രണ്ടിനു പ്രധാനമന്ത്രി കത്തെഴുതിയതു കോടതി എടുത്തുകാട്ടി. 2008 ജനുവരി ഒന്‍പതിനു ചേരാനിരുന്ന ലൈസന്‍സ് കമ്മിഷന്‍ യോഗം ജനുവരി പതിനഞ്ചിലേക്കു നീട്ടുകയും ഇതിനിടയില്‍ 2ജി അപേക്ഷകര്‍ക്കു പത്താം തീയതി രാജ 122 താല്‍പര്യപത്രങ്ങള്‍ കൈമാറുകയും ചെയ്തു. ലേലം എന്ന നയം പിന്തുടരാതെയുള്ള നടപടിയായിരുന്നു ഇത്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍  ഇടപെടേണ്ടിയിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ കോടതി, അതില്‍ നിന്നു സര്‍ക്കാരിനെ ഈ മൂന്നുവര്‍ഷവും തടഞ്ഞത് എന്താണെന്നു ചോദിച്ചു. 2ജി സ്‌പെക്ട്രം കേസില്‍ നടപടികള്‍ വൈകുന്നതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണം ഗംഭീരവും ദ്രുതഗതിയിലുള്ളതുമാണെന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരന്‍ റാവലിന്റെ വാദത്തെയും കോടതി ഖണ്ഡിച്ചു. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തിലാണ് ഇപ്പോഴുമെന്നും പറഞ്ഞു. പ്രതിഭാഗത്തിനു വേണ്ടി ഹാജരാകുന്ന റാം ജഠ്മലാനിയെപ്പോലുള്ള അഭിഭാഷകര്‍ അവര്‍ക്കാവശ്യമുള്ള സമയമെടുക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം