വെടിവയ്‌ക്കേണ്ടത് അനിവാര്യമായിരുന്നുവെന്നു ഡിജിപിയുടെ റിപ്പോര്‍ട്ട്

October 14, 2011 കേരളം

തിരുവനന്തപുരം: കോഴിക്കോട് എസ്എഫ്‌ഐയുടെ അക്രമാസക്തമായ സമരവുമായി ബന്ധപ്പെട്ടു നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള അനിവാര്യമായ സാഹചര്യത്തിലാണു വെടിവയ്പു നടത്തിയതെന്നു ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ട ിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇദ്ദേഹം വെടിവച്ചതെങ്കിലും അക്രമാസക്തമായ സാഹചര്യം വച്ചുനോക്കുമ്പോള്‍ വെടിവച്ചതില്‍ തെറ്റില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സാങ്കേതികമായി പറയുമ്പോള്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എസ്എഫ്‌ഐയുടെ ആക്രമണത്തെത്തുടര്‍ന്നു ഗുരുതര മായി പരിക്കേറ്റു റോഡില്‍ കിടന്ന 38 പോലീസുകാരെ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ വെടിവയ്ക്കാതെ തരമില്ലായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ വെടിവയ്പു വേണ്ട ിവരുമെന്നു തഹസില്‍ദാറും പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നോര്‍ത്ത് സോണ്‍ എഡിജിപി, കണ്ണൂര്‍ റേഞ്ച് ഐജി, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്പി എന്നിവരില്‍നിന്നു ശേഖരിച്ച റിപ്പോര്‍ട്ടുകള്‍ സമാഹരിച്ചാണു ഡിജിപി റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു സൂചനാ വെടിവയ്പു മാത്രമാണ് അദ്ദേഹം നടത്തിയത്. റൈഫിള്‍ ഉപയോഗിച്ചു പോലീസുകാരോടു വെടിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നില്ലെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം