നിയമസഭയില്‍ ബഹളത്തിനിടെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ എംഎല്‍എമാര്‍ മര്‍ദിച്ചതായി പരാതി

October 14, 2011 കേരളം

തിരുവനന്തപുരം: നിയമസഭയില്‍ ബഹളത്തിനിടെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ എംഎല്‍എമാര്‍ മര്‍ദിച്ചതായി പരാതി. കോഴിക്കോട്ടെ വെടിവയ്പ് സംബന്ധിച്ച ഡിജിപിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വച്ചില്ലെന്ന് ആരോപിച്ചായിരുന്നു ബഹളം ആരംഭിച്ചത്. സഭയില്‍ വയ്ക്കാതെ ഡിജിപിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതു സഭയോടുള്ള അനാദരവാണെന്നു പ്രതിപക്ഷം ആരോപിച്ചു.

ഡിജിപിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചു വരികയാണെന്നും വെടിവയ്പ് സംബന്ധിച്ച അന്വേഷണത്തിനായി   അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. അങ്ങിനെയിരിക്കെ ബഹളം തുടരുന്നതിനിടെ ഒരു വനിതാ വാച്ച്് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ എംഎല്‍എമാര്‍ ഉപദ്രവിച്ചെന്നാണു ഭരണപക്ഷം ആരോപിക്കുന്നത്. അതേസമയം,  എംഎല്‍എമാരായ ടി.വി.രാജേഷിനെയും കെ.ലതികയെയും വാച്ച് ആന്‍ഡ് വാര്‍ഡ് മര്‍ദിച്ചെന്നു പ്രതിപക്ഷവും ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുപക്ഷവും  പരാതി നല്‍കുകയും ചെയ്തു.

പ്രതിപക്ഷ എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തിട്ടില്ലെന്നും സ്വന്തം തെറ്റു മറയ്ക്കാന്‍ ബോധപൂര്‍വമാണ് വാച്ച് ആന്‍ഡ് ആന്‍ഡ് വാര്‍ഡിനെതിരെ എല്‍ഡിഎഫ് എംഎല്‍എമാര്‍ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി കെ.സി.ജോസഫ് നിയമസഭയ്ക്കു പുറത്തു പറഞ്ഞു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ച പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നു ഭരണപക്ഷ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം