നിയമസഭയിലെ കയ്യാങ്കളി: വീഡിയോ ദ്യശ്യങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് മുഖ്യമന്ത്രി

October 14, 2011 കേരളം

തിരുവനന്തപുരം: നിയമസഭയിലുണ്ടായ കയ്യാങ്കളി അപമാനകരമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സഭയില്‍ ഉണ്ടായ കാര്യങ്ങളുടെ വിഡിയോ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതനുള്ള അവസരം ഒരുക്കണമെന്നു സ്പീക്കറോട് ആവശ്യപ്പെടും.

സത്യം ജനങ്ങള്‍ക്ക് അറിയണം. എല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുറ്റം ചെയ്തവര്‍ ചെയ്ത കുറ്റത്തിന് അനുസരിച്ചുളള ശിക്ഷ അനുഭവിക്കണം. സംശയകരമായ സാഹചര്യം സൃഷ്ടിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നത്. ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ദിവസവും സഭ സ്തംഭിപ്പിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്യാത്ത കുറ്റത്തിന് ആരെയും ശിക്ഷിക്കില്ല. പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന മര്യാദ കൊടുക്കും. ജനാധിപത്യ മര്യാദ പൂര്‍ണമായി പാലിക്കും. പക്ഷെ അവര്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണു ശരിയെന്ന് അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ആരുടെയും ഭീഷണിക്കു വഴങ്ങില്ല. നിയമസഭയില്‍ ഇന്നുണ്ടായതെല്ലാം താന്‍  നേരിട്ടു കണ്ടതാണ്. എന്നാല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ല. വിഡിയോ പരിശോധന കഴിയുമ്പോള്‍ എല്ലാം പുറത്തുവരും. അപ്പോള്‍ സത്യം പുറത്തു വരും.- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം