ടൈക്കൂണ്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍

October 15, 2011 ദേശീയം

ചെന്നൈ: ടൈക്കൂണ്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതികള്‍ പിടിയിലായി. പ്രത്യേക അന്വേഷണ സംഘമാണ് നാമക്കല്‍ സ്വദേശികളായ സദാശിവം, കമലാകണ്ണന്‍ എന്നിവരെ ചെന്നൈയില്‍ വച്ച് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400 കോടി രൂപ ഇടപാടുകാരില്‍ നിന്ന് പിരിച്ചെടുത്തുവെന്നും അതില്‍ 200 കോടി രൂപയുടെ അഴിമതിനടത്തിയെന്നുമാണ് കേസ്. 2009 ല്‍ ആരംഭിച്ച ടൈക്കൂണ്‍ എംപയര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയത്. കേസില്‍ നേരത്തെ ഒമ്പത് പ്രതികളെ പിടികൂടിയിരുന്നു.

മൂന്നുമാസമായി പോലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു ഇവര്‍. ചെന്നൈയില്‍ രണ്ട് മാസമായി ക്യാമ്പ് ചെയ്താണ്ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒടുവില്‍ ഇവരെ പിടികൂടിയത്. ഇടപാടുകാരില്‍ നിന്ന് പണം പിരിച്ച് പല ബാങ്കുകളിലായി നിക്ഷേപിക്കുകയും ഒന്നിച്ച് പിന്‍വലിച്ച ശേഷം ഇവര്‍ മുങ്ങുകയായിരുന്നു. വിമാനമാര്‍ഗം കോയമ്പത്തൂരിലെത്തിച്ച ഇവരെ ഉച്ചയോടെ കേരളത്തിലെത്തിക്കും. തുടര്‍ന്ന് തെളിവെടുപ്പ് നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം