അന്‍വാര്‍ശേരിയില്‍ സംഘര്‍ഷം; നിരോധനാജ്‌ഞ

August 14, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

അന്‍വാര്‍ശേരി: ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പര കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ അറസ്‌റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അന്‍വാര്‍ശേരിയിലുണ്ടായ സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത്‌ അന്‍വാര്‍ശേരിയിലും പരിസര പ്രദേശത്തും നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. അന്‍വാര്‍ശേരി ഉള്‍ക്കൊള്ളുന്ന ശാസ്‌താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലാണു നിരോധനാജ്‌ഞ. അതിനിടെ പ്രദേശത്ത്‌ പിഡിപി പ്രവര്‍ത്തകരും മറ്റും നടത്തുന്ന പ്രതിഷേധങ്ങള്‍ നേരിടാന്‍ പൊലീസ്‌ കണ്ണീര്‍വാതകം പ്രയോഗിച്ചു.
പ്രദേശത്ത്‌ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടമായി നില്‍ക്കരുതെന്നു നിരോധനാജ്‌ഞയുടെ ഭാഗമായി പൊലീസ്‌ നിര്‍ദേശം നല്‍കി. അന്‍വാര്‍ശേരിക്കാരല്ലാത്തവര്‍ഇവിടം വിട്ടു പോകണമെന്നും ആവശ്യപ്പെട്ടു.
കൊല്ലം എസ്‌പി ഹര്‍ഷിത അട്ടലൂരിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ്‌ സന്നാഹമാണ്‌ അന്‍വാര്‍ശേരിയിലും പരിസരത്തും എത്തി. അതിനിടെ പൊലീസിനെതിരെ പ്രതിഷേധവുമായി എത്തിയവരെ ചെറുക്കാന്‍ പൊലീസ്‌ കണ്ണീര്‍വാതക ഗ്രനേഡുകള്‍ പ്രയോഗിച്ചു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ ജലപീരങ്കി അടക്കമുള്ള സുരക്ഷാസന്നാഹങ്ങളും സജ്‌ജീകരിച്ചു. യുവമാര്‍ച്ച ഇവിടെ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്നു പൊലീസ്‌ അറിയിച്ചെങ്കിലും പിന്നീട്‌ യുവമോര്‍ച്ച ജില്ലാ നേതൃത്വം തന്നെ ഇത്‌ നിഷേധിക്കുകയായിരുന്നു.
അതിനിടെ, കൂടുതല്‍ പിഡിപി പ്രവര്‍ത്തകര്‍ അന്‍വാര്‍ശേരിയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. അന്‍വാര്‍ശേരിയുടെ പ്രധാനകവാടത്തില്‍ നിന്നും സ്‌ത്രീകള്‍ അടക്കമുള്ളവര്‍ പ്രകടനം നടത്തിയെങ്കിലും അവരെ പിന്നീട്‌ പ്രവര്‍ത്തകര്‍ ഇടപെട്ട്‌ പിന്തിരിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരുടെ നേരെയും പൊലീസിനും നേരെയും ചെറിയ തോതില്‍ കല്ലേറുണ്ടായി. പിഡിപിയുടെ സംസ്‌ഥാന നേതാക്കള്‍ അന്‍വാര്‍ശേരിയിലുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം