ഭൂമി തട്ടിപ്പ് കേസില്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

October 15, 2011 ദേശീയം

ബാംഗ്ലൂര്‍: ഭൂമി തട്ടിപ്പ് കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. ലോകായുക്ത പ്രത്യേക കോടതിയാണ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യെദ്യൂരപ്പ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ലോകായുക്ത പ്രത്യേക കോടതി ജഡ്ജി എന്‍.കെ സുധീന്ദ്ര റാവു തള്ളി.

ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് ഉത്തരവുണ്ടായത്. അഭിഭാഷകനായ സിറാജിന്‍ ബാഷ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ആഗസ്ത് എട്ടിന് കോടതി യെദ്യൂരപ്പയ്ക്ക് സമന്‍സ് അയച്ചിരുന്നു. ഇത് ചോദ്യംചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് സമന്‍സ് അയച്ചത് സ്‌റ്റേ ചെയ്തു. എന്നാല്‍ ഇതിനെതിരെ ബാഷ വീണ്ടും ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബഞ്ച് ഒക്‌ടോബര്‍ 14 വരെ താത്കാലിക സ്‌റ്റേ മാത്രമാണ് നല്‍കിയത്.

സ്‌റ്റേ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും ഇന്ന് ലോകായുക്ത കോടതി മുമ്പാകെ യെദ്യൂരപ്പ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം