വിവരാവകാശനിയമം പുനര്‍വിചിന്തനം ചെയ്യപ്പെടണമെന്ന പ്രധാനമന്ത്രിയുടെ വാദത്തിനെതിരെ അദ്വാനി

October 15, 2011 ദേശീയം

ജബല്‍പൂര്‍: വിവരാവകാശനിയമം പുനര്‍വിചിന്തനം ചെയ്യപ്പെടണമെന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിന്റെ പ്രസ്‌താവനയ്ക്കെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ എല്‍.കെ. അദ്വാനി രംഗത്ത്. സര്‍ക്കാരിന്റെ സുതാര്യതയ്ക്കുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വിവരാവകാശ നിയമമെന്ന് അദ്വാനി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവന അനവസരത്തിലാണെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു. വിവരാവകാശ നിയമം വീണ്ടും വിലയിരുത്താനുള്ള ശ്രമത്തിന്‌ ബി.ജെ.പി എതിരാണെന്നും ജനാധിപത്യത്തിലെ ഏറ്റവും സുതാര്യമായ ഈ നിയമത്തിന്‌ ഏറെ പ്രയോജനമുണ്ടെന്നും അദ്വാനി വ്യക്തമാക്കി.

വിവരാവകാശ നിയമത്തെ പറ്റി ആരും പരാതി പറയാത്ത സാഹചര്യത്തിലാണ്‌ പ്രധാനമന്ത്രിയുടെ പ്രസ്‌താവന എന്നത്‌ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. തളര്‍ച്ച ബാധിച്ച, പ്രവര്‍ത്തനങ്ങളൊന്നും നടക്കാത്ത അഴിമതി സര്‍ക്കാരിനെ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്വാനി പറഞ്ഞു.

പ്രശാന്ത്‌ ഭൂഷന്റെ പ്രസ്‌താവനയ്ക്കെതിരെയുള്ള ഹസാരെ നിലപാടില്‍ സന്തുഷ്‌ടി പ്രകടിപ്പിച്ച അദ്വാനി, അണ്ണാഹസാരെ സംഘത്തിലുള്ള ഭിന്നതയില്‍ സന്തോഷമുണ്ടെന്ന നിലപാടിനോട്‌ യോജിപ്പില്ലാത്തതിനാലാണ്‌ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാത്തതെന്നും വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം