സഭയില്‍ ബഹളം: രണ്ട് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

October 17, 2011 കേരളം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ കൈയ്യാങ്കളിയുടെയും വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചതിന്റെയും തുടര്‍ച്ചയായി രണ്ട് പ്രതിപക്ഷ എംഎല്‍എമാരെ സഭയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. സിപിഎം എംഎല്‍എമാരായ ജയിംസ് മാത്യു, ടി.വി.രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അവതരിപ്പിച്ചത്. സഭ ഇതു ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.

ഭരണ- പ്രതിപക്ഷ കക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആരോപണ വിധേയരായ എംഎല്‍എമാര്‍ സ്പീക്കറെ കണ്ട് വിശദീകരണം അറിയിച്ചിരുന്നു. പിന്നീട് സഭ തുടങ്ങിയപ്പോള്‍ കഴിഞ്ഞദിവസമുണ്ടായ സംഭവങ്ങളുടെ പേരില്‍ രണ്ട് എംഎല്‍എമാരും തന്നെ വന്നുകണ്ട് ഖേദം അറിയിച്ചുവെന്നും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചത് മനപൂര്‍വമല്ലെന്നും ബഹളത്തിനിടെ സംഭവിച്ചതാണെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യമില്ലെന്നാണ് സ്പീക്കര്‍ സൂചിപ്പിച്ചത്. എന്നാല്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചതിലല്ല തങ്ങള്‍ ഖേദം പ്രകടിപ്പിച്ചതെന്നും സ്പീക്കറുടെ ചെയറിനുനേര്‍ക്ക് ബഹളമുണ്ടാക്കി വന്നതിനാണ് ഖേദം പ്രകടിപ്പിച്ചതെന്നും രണ്ടു എംഎല്‍എമാരും അറിയിച്ചു.

ഇതേത്തുടര്‍ന്നാണ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിച്ചതിനുപിന്നാലെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി കുത്തിയിരുന്നു. തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിയുകയാണെന്നു സ്പീക്കര്‍ അറിയിച്ചു. സഭ പിരിഞ്ഞ ശേഷവും പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം തുടര്‍ന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളുടെ പേരില്‍ അല്ല സസ്‌പെന്‍ഷനെന്നും ഇന്നത്തെ സംഭവങ്ങളുടെ പേരിലാണെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്പീക്കറോട് അപമര്യാദയായി പെരുമാറിയതിനാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. കക്ഷിനേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ റൂളിംഗ് നല്‍കിയപ്പോള്‍ ഇതിനെ അവഗണിച്ച് ജെയിംസ് മാത്യു പ്രകോപിതനായി സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുകയായിരുന്നുവെന്ന് പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടി. നീ എവിടുത്തെ സ്പീക്കറാണെന്നും മറ്റുമാണ് അംഗം വിളിച്ചു ചോദിച്ചത്.

ഇത്തരത്തില്‍ ഒരു സംഭവം സഭയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. സ്പീക്കറുടെ ഒത്തുതീര്‍പ്പു തീരുമാനം അംഗീകരിച്ച പ്രതിപക്ഷ നേതാക്കന്‍മാരെപ്പോലും അപമാനിക്കുന്ന തരത്തിലായിരുന്നു എംഎല്‍എയുടെ പ്രകടനമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം