ബാലമുരളി ശബരിമല മേല്‍ശാന്തി; ഈശ്വരന്‍ നമ്പൂതിരി മാളികപ്പുറത്ത്

October 19, 2011 കേരളം

എന്‍. ബാലമുരളി

ശബരിമല: ശബരിമല മേല്‍ശാന്തിയായി തിരുവനന്തപുരം മണികണേ്ഠശ്വരം ഇടമന ഇല്ലത്ത് എന്‍.ബാലമുരളിയെയും മാളികപ്പുറം മേല്‍ശാന്തിയായി തിരുവനന്തപുരം മണക്കാട് ആറ്റുകാല്‍ കോറമംഗലം ടി.സി.22/997(1)ല്‍ ടി.കെ.ഈശ്വരന്‍ നമ്പൂതിരിയെയും നറുക്കെടുത്തു. ഒരു വര്‍ഷമാണ് കാലാവധി.
ശബരിമല മേല്‍ശന്തി നിയമനത്തിന് പത്തുപേരും മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് 13 പേരുമാണ് ഇന്റര്‍വ്യൂവില്‍ അര്‍ഹതനേടിയത്. ഏഴാമത്തെ നറുക്കാണ് ശബരിമല മേല്‍ശാന്തിയായി ബാലമുരളിയെ തുണച്ചത്. മാളികപ്പുറം മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിക്ക് ഏറ്റവും അവസാനം എടുത്ത പതിമ്മൂന്നാമത്തെ നറുക്കും തുണയായി.
ഉഷഃപൂജ

ഈശ്വരന്‍ നമ്പൂതിരി

യ്ക്കുശേഷം ചൊവ്വാഴ്ച രാവിലെ 7.45ഓടെയാണ് സന്നിധാനത്ത് നറുക്കെടുപ്പ് ചടങ്ങുകള്‍ തുടങ്ങിയത്. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിച്ചെത്തിയ വടക്കേടത്ത് കൊട്ടാരത്തില്‍ പ്രമോദ്‌വര്‍മ്മയുടെ മകന്‍ സൗരവ് പി.വര്‍മ്മ നറുക്കെടുത്തു. മേല്‍ശാന്തിയുടെ പേരും മേല്‍ശാന്തിയെന്ന കുറിപ്പും ഒത്തുവന്നത് ഏഴാമത്തെ നറുക്കിലായിരുന്നു.
പ്രീഡിഗ്രി കഴിഞ്ഞ് സംസ്‌കൃതം കോഴ്‌സ് പൂര്‍ത്തിയാക്കിയ നിയുക്ത മേല്‍ശാന്തി എന്‍.ബാലമുരളി ആലുവ വെളിയനാട് തന്ത്രവിദ്യാപീഠത്തില്‍നിന്ന് തന്ത്രരത്‌നം ബഹുമതി നേടി. നീലകണ്ഠന്‍ നമ്പൂതിരിയുടെയും ശ്യാമളാദേവിയുടെയും മകനായ ഈ 39കാരന്‍ ഇപ്പോള്‍ കൊല്ലം പുതിയകാവ് ഭഗവതിക്ഷേത്രം മേല്‍ശാന്തിയാണ്. പ്രസീദയാണ് ഭാര്യ. മക്കള്‍: ജാതവേദന്‍, ദേവദത്തന്‍.
മാളികപ്പുറം ദേവീക്ഷേത്ര സന്നിധിയിലാണ് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. ശബരിമല സന്നിധാനത്തുനടന്ന അതേ രീതിയിലായിരുന്നു ഇവിടെയും നറുക്കെടുപ്പ്.
പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ ഡോ. ഗിരീഷ്‌വര്‍മ്മയുടെ മകള്‍ ഗൗതമി ജി.വര്‍മ്മയാണ് നറുക്കെടുത്തത്.

ഐ.ടി.ഐ.പാസായ നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി പരേതനായ കൃഷ്ണന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനാണ്. ഇപ്പോള്‍ ആറ്റുകാല്‍ ഭാഗവതിക്ഷേത്രം കീഴ്ശാന്തിയാണ് ഈ 44കാരന്‍. സാവിത്രീദേവിയാണ് ഭാര്യ. മക്കള്‍: പൂര്‍ണിമ, അനന്തകൃഷ്ണന്‍.
ഇവരെ മണ്ഡലമഹോത്സവത്തിന് നടതുറക്കുന്ന നവംബര്‍ 16ന് വൈകീട്ട് പുതിയ മേല്‍ശാന്തിമാരായി അവരോധിക്കും .
ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ കെ.സിസിലി, കെ.വി.പത്മനാഭന്‍, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എസ്.ജഗദീഷ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.സതീഷ്‌കുമാര്‍ എന്നിവര്‍ നറുക്കെടുപ്പ് ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം