ഇ.സി.ജി. സുദര്‍ശന്‌ ഡിറാക്‌ മെഡല്‍

August 14, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഹൂസ്‌റ്റണ്‍: മലയാളിയും പ്രശസ്‌ത ഭൗതിക ശാസ്‌ത്രജ്‌ഞനുമായ ഇ.സി.ജി. സുദര്‍ശന്‌ പ്രശസ്‌തമായ ഡിറാക്‌ മെഡല്‍. ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സിന്റെ അബ്‌ദുസലാം കേന്ദ്രമാണ്‌ ഭൗതിക ശാസ്‌ത്രജ്‌ഞന്‍ പി.എ.എം. ഡിറാക്കിന്റെ സ്‌മരണയില്‍ മെഡല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. അയ്യായിരം ഡോളര്‍ (2,30,000 രൂപ)ആണ്‌ സമ്മാനത്തുക. നൊബേല്‍ സമ്മാനം ലഭിക്കാത്തവരെയാണ്‌ ഈ മെഡലിനായി പരിഗണിക്കുന്നത്‌.
ടെക്‌സസ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ്‌ എഴുപത്തെട്ടുകാരനായ ഡോ.സുദര്‍ശന്‍ . കോട്ടയം പാക്കില്‍ സ്വദേശിയാണ്‌. ഇറ്റാലിയന്‍ ശാസ്‌ത്രജ്‌ഞന്‍ നിക്കോള കബിബോയാണ്‌ സുദര്‍ശനൊപ്പംഡിറാക്ക്‌ മെഡലിന്‌ അര്‍ഹനായ മറ്റൊരു വ്യക്‌തി. ഇരുവരെയും നൊബേല്‍ സമ്മാനത്തിനു നേരത്തെ പരിഗണിച്ചിരുന്നതാണ്‌.
ഡോ. സുദര്‍ശന്റെ ആദ്യകാലപഠനങ്ങള്‍ സൂക്ഷ്‌മ കണികകളെപ്പറ്റി അന്നേവരെയുണ്ടായിരുന്ന ധാരണകള്‍ തിരുത്തിക്കുറിക്കുന്നവയായിരുന്നു. വീക്ക്‌ ഇന്ററാക്‌ഷന്‍ അഥവാ ദുര്‍ബലപ്രതിക്രിയ എന്ന പ്രതിഭാസമാണ്‌ ഇവയില്‍ പ്രധാനം. ചില ആറ്റങ്ങള്‍ റേഡിയോ വികിരണംവഴി സ്വയം വിഘടിച്ച്‌ വ്യത്യസ്‌ത മൂലകങ്ങളാകുന്നതും ഇത്തരം വീക്ക്‌ ഇന്ററാക്‌ഷന്‍ മൂലമാണ്‌. ഈ പ്രതിഭാസത്തിന്റെ യഥാര്‍ഥ വിശദീകരണം കണ്ടെത്താന്‍ സഹായിച്ച സുദര്‍ശന്റെ വിഎ സിദ്ധാന്തം ഭൗതികശാസ്‌ത്ര ഗവേഷണരംഗത്ത്‌ അത്ഭുതം തന്നെ സൃഷ്‌ടിച്ചു.
1958ല്‍ റോച്ചസ്‌റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡോക്‌ടറേറ്റ്‌ നേടിയ സുദര്‍ശന്‍ തുടര്‍ന്ന്‌ രണ്ടുവര്‍ഷം അവിടെത്തന്നെ അസി. പ്രഫസറായിരുന്നു. പിന്നീട്‌ അസോഷ്യേറ്റ്‌ പ്രഫസറായി ഉയര്‍ന്നു. അതിനുശേഷം സൈറക്യൂസ്‌ സര്‍വകലാശാലയില്‍ ഫിസിക്‌സ്‌ പ്രഫസറും എലിമെന്ററി പാര്‍ട്ടിക്കിള്‍ ഫിസിക്‌സ്‌ സംബന്ധിച്ച ഗവേഷണ വിഭാഗത്തിന്റെ ഡയറക്‌ടറുമായി സേവനമനുഷ്‌ഠിച്ചു. 1969 മുതല്‍ ടെക്‌സസ്‌ സര്‍വകലാശാലയിലെ പ്രഫസറായിരുന്നു. ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മാത്തമാറ്റിക്കല്‍ സയന്‍സസിന്റെ ഡയറക്‌ടറുമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം