വി.എസ് അപവാദപ്രചാരണങ്ങളുടെ വക്താവായി മാറിയെന്ന് പി.സി.ജോര്‍ജ്

October 20, 2011 കേരളം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അപവാദപ്രചാരണങ്ങളുടെ വക്താവായി മാറിയിരിക്കുകയാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. കോഴിക്കോട്ട് തീവണ്ടിക്ക് മുന്നില്‍ ചാടി രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവം അച്യുതാനന്ദന്‍ അപവാദപ്രചാരണത്തിനായി ഉപയോഗിക്കുകയാണ്. മരിച്ച കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. അങ്ങിനെയിരിക്കെ മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് നജ്മല്‍ ബാബുവിനെ കുഞ്ഞാലിക്കുട്ടി തട്ടിക്കൊണ്ടുപോയി എന്നാണ് തിരഞ്ഞെടുപ്പ് കാലത്ത് വി.എസ് പറഞ്ഞുനടന്നത്. എന്നാല്‍ നജ്മല്‍ ബാബുവിനെ ആരും തട്ടിക്കൊണ്ടുപോയിരുന്നില്ല. വി.എസ് അച്യുതാനന്ദന്‍ എന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ തന്നെ വിളിച്ച് മകളുടെ മരണത്തില്‍ പരാതിയുണ്ടെങ്കില്‍ നല്‍കാന്‍ ആവശ്യപ്പെട്ടതായി നജ്മല്‍ ബാബു പോലീസിനോട് പറഞ്ഞിരുന്നു. നജ്മല്‍ പരാതി നല്‍കുകയുമുണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ചോദിച്ചപ്പോള്‍ വി.എസ് ഒരക്ഷരം ഉരിയാടാതെ ഇരിക്കുകയായിരുന്നുവെന്നും പി.സി ജോര്‍ജ് കുറ്റപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം