കാക്കനാടന് കണ്ണീരോടെ വിട

October 21, 2011 കേരളം

കൊല്ലം: അന്തരിച്ച പ്രശസ്ത കഥാകൃത്ത് കാക്കനാടന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ പോളയത്തോട് പൊതുശ്മശാനത്തില്‍ ഒരുക്കിയ കല്ലറയില്‍ സംസ്‌കരിച്ചു. രാവിലെ ഇരവിപുരത്തെ വസതിയില്‍ മാര്‍ത്തോമാ സഭയിലെ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കും അന്തിമകര്‍മ്മങ്ങള്‍ക്കും ശേഷം മൃതദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഉച്ചയ്ക്ക് ഒരു മണിക്ക് കൊല്ലം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു.

മലയാളത്തിന്റെ പ്രിയ കഥാകാരനെ അവസാനമായി ഒരു നോക്ക് കാണാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള ജനങ്ങളും ടൗണ്‍ ഹാളില്‍ തടിച്ചുകൂടിയിരുന്നു. എംപി എന്‍. പീതാംബരക്കുറുപ്പ്, മന്ത്രി ഷിബു ബേബിജോണ്‍, മേയര്‍ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവര്‍ പൊതുദര്‍ശന ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചു. പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മൃതദേഹം വിലാപയാത്രയായി പോളയത്തോട് പൊതു ശ്മശാനത്തിലേക്ക് കൊണ്ടു പോയി. പകല്‍ മൂന്നിന് പൊലീസ് അകമ്പടിയോടെ കാക്കനാടന്റെ ശരീരം അദ്ദേഹം പഠിച്ച എസ് എന്‍ കോളേജിന് മുന്നിലുള്ള റോഡിലൂടെ പോളയത്തോട് മാര്‍ത്തോമ പള്ളിയില്‍ കൊണ്ടുവന്നു. പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷമാണ് കോര്‍പ്പറേഷന്‍ ശ്മശാനത്തില്‍ ഒരുക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌ക്കരിച്ചത്. മേയര്‍ പ്രസന്ന ഏണസ്റ്റ്, പി. കെ. ഗുരുദാസന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ ജി. ലാലു ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ബന്ധുക്കളും നാട്ടുകാരും സാഹിത്യസാംസ്‌ക്കാരികരാഷ്ട്രീയ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ക്ക് മലങ്കര മാര്‍ത്തോമാ സുറിയാനി സഭാധ്യക്ഷന്‍ ഡോ. ജോസഫ് വലിയമെത്രാപ്പൊലീത്ത നേതൃത്വം നല്‍കി.എഴുത്തുകാരായ റോസ്‌മേരി, ജോര്‍ജ് ഓണക്കൂര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, സംവിധായകന്‍ കെ.ജി.ജോര്‍ജ്, മുന്‍ മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, സി.വി. പത്മരാജന്‍ തുടങ്ങിയ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.

സംസ്‌ക്കാരച്ചടങ്ങുകള്‍ക്ക് ശേഷം, ടൗണ്‍ഹാളില്‍ മേയറുടെ അധ്യക്ഷതയില്‍ അനുശോചന യോഗം ചേര്‍ന്നു. എന്‍. പീതാംബരക്കുറുപ്പ് എംപി, ഡോ. ബി. എ. രാജാകൃഷ്ണന്‍, എന്‍. കെ. പ്രേമചന്ദ്രന്‍, തെങ്ങമം ബാലകൃഷ്ണന്‍, കടവൂര്‍ ശിവദാസന്‍, ജില്ലാകളക്ടര്‍ പി. ജി. തോമസ്, കെ. ആര്‍. ചന്ദ്രമോഹനന്‍, എ. യൂനുസ് കുഞ്ഞ്, വയയ്ക്കല്‍ മധു, തൊടിയില്‍ ലൂക്ക്മാന്‍, ബന്നി കക്കാട് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം