2ജി സ്‌പെക്ട്രം: രാജയും കനിമൊഴിയുമുള്‍പ്പെടെ 17 പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തി

October 22, 2011 ദേശീയം

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ.രാജയും  കനിമൊഴിയും ഉള്‍പ്പെടെ 17  പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തി.  ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതിയാണു കേസ് പരിഗണിച്ചത്. പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. രാജയ്‌ക്കെതിരെ വിശ്വാസ വഞ്ചന, കൈക്കൂലി വാങ്ങല്‍ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കനിമൊഴിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തി. അഴിമതി നിരോധന നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. എ.രാജയും കനിമൊഴിയും  ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ വിധി വരുന്നതിനു മുന്‍പ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായും ആഭ്യന്തര മന്ത്രി പി.ചിദംബരവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കലൈഞ്ജര്‍ ടിവി ചാനല്‍ മാനേജിങ് ഡയറക്ടര്‍ ശരത് കുമാര്‍, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹ്‌റ, എ. രാജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍.കെ. ചന്ദോലിയ, യൂണിടെക് വയര്‍ലെസ് ഡയറക്ടര്‍ സഞ്ജയ് ചന്ദ്ര, ഡിബി റിയാലിറ്റി ഡയറക്ടര്‍ വിനോദ് ഗോയങ്ക, റിലയന്‍സ് ടെലികോമിലെ ഗൗതം ധോഷി, സ്വാന്‍ ക്യാപിറ്റല്‍ കമ്പനി സെക്രട്ടറി ഹരി നായര്‍, സുരേന്ദ്ര പിപാറ, സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ഉസ്മാന്‍ ബല്‍വ തുടങ്ങിയവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം