മുംബൈയില്‍ മലയാളി നഴ്‌സുമാരുടെ സമരം അവസാനിച്ചു

October 22, 2011 കേരളം

മുംബൈ: മലയാളി നഴ്‌സായ തൊടുപുഴ തട്ടക്കുഴ സ്വദേശി ബീന ബേബിയുടെ ആത്മഹത്യയെ തുടര്‍ന്നു ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയില്‍ നാലുദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. 27ന് അകം നഴ്‌സുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഉപാധികളില്ലാതെ തിരിച്ചുനല്‍കാന്‍ ധാരണയായി. എംപിമാരായ പി.ടി.തോമസും ജോസ്.കെ.മാണിയും ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, സമരം നടത്തിയ 192 നഴ്‌സുമാരും രാജിവച്ചേക്കുമെന്നും അറിയുന്നു.

50,000 രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെനല്‍കുകയുള്ളൂവെന്ന നിലപാട് ആശുപത്രി അധികൃതര്‍ പിന്‍വലിച്ചു. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നഴ്‌സിങ് സൂപ്രണ്ട് ഒപ്പിട്ട പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കും. അഞ്ചുവര്‍ഷം പൂര്‍ത്തിയായവര്‍ക്ക് ആശുപത്രി നല്‍കുന്ന സാധാരണ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കും. മരിച്ച ബീനയുടെ കുടുംബത്തിനു കൂടുതല്‍ നഷ്ടപരിഹാരം നല്‍കാനും ചര്‍ച്ചയില്‍ ധാരണയായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം