ഗുജറാത്ത്‌ കലാപത്തില്‍ മോഡിയ്‌ക്ക്‌ പങ്ക്‌: അമിക്കസ്‌ ക്യൂറി

October 23, 2011 ദേശീയം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ 2002ലെ കലാപത്തിനിടെ മുന്‍ കോണ്‍ഗ്രസ്‌ എംപി എഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു പങ്കുള്ളതായി സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്‌. മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്നു അമിക്കസ്‌ ക്യൂറി ശുപാര്‍ശ ചെയ്‌തതായി സൂചന. 2002ലെ കലാപത്തിനിടെയാണ്‌ എഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടത്‌.
മോഡിയെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ടിലുണ്ട്‌.രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട്‌ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി.
കലാപ കേസുകള്‍ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോഡി കുറ്റക്കാരനല്ലെന്നു പറഞ്ഞതോടെ, സംഘം തെളിവു ശേഖരിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിഷ്‌പക്ഷ നിരീക്ഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ അമിക്കസ്‌ ക്യൂറിയായി രാജു രാമചന്ദ്രനെ സുപ്രീംകോടതി നിയമിച്ചത്‌.
ജാഫ്രിയുടെ വിധവ സാക്കിയ നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ കേസ്‌ അന്വേഷണത്തിന്‌ എസ്‌ഐടിയെ നിയോഗിച്ചത്‌.
കലാപക്കാര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന്‌ ഉദ്യോഗസ്‌ഥരോടു നിര്‍ദേശിച്ചിരുന്ന തിനാല്‍ ഭരണകൂടവും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്നാണു സാക്കിയയുടെ പരാതി. എന്നാല്‍, മോഡിയെ മണിക്കൂറുകളോളം ചോദ്യംചെയ്‌ത എസ്‌ഐടി അദ്ദേഹത്തിന്റെ പങ്കു സംശയിക്കേണ്ടതില്ലെന്ന നിലപാടിലാണ്‌ എത്തിയത്‌.
രാജു രാമചന്ദ്രന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയുടെ വിചാരണയ്‌ക്ക്‌ വൈകാതെ അരങ്ങൊരുങ്ങും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം