മരുന്നുകള്‍ സര്‍ക്കാര്‍ വിലയ്‌ക്ക്‌ വില്‍ക്കും: മരുന്നു വ്യാപാരികള്‍

October 23, 2011 കേരളം

തൃശൂര്‍: നീതി സ്‌റ്റോറിലെ അതേ വിലയ്‌ക്ക്‌ മരുന്ന്‌ വില്‍ക്കാന്‍ സംസ്‌ഥാനത്തെ പതിനാലായിരത്തോളം വരുന്ന ചെറുകിട മരുന്നു വ്യാപാരികള്‍ തീരുമാനിച്ചു. സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്‌ണനുമായുള്ള ചര്‍ച്ചയിലാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌.
ഇതിനായി 14 ജില്ലകളിലും സഹകരണസൊസൈറ്റികള്‍ രൂപീകരിക്കും. മരുന്ന്‌ കമ്പനികളില്‍ നിന്ന്‌ സര്‍ക്കാര്‍ സംവിധാനം വഴി മരുന്നു സംഭരിച്ച്‌ 20 ശതമാനം വിലക്കുറവില്‍ വില്‍ക്കും. മരുന്നിന്റ വില സര്‍ക്കാരിന്‌ തീരുമാനിക്കാം. സൊസൈറ്റികളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാനും സര്‍ക്കാരിന്‌ അവകാശമുണ്ടായിരിക്കും. കമ്പനികളില്‍ നിന്ന്‌ നേരിട്ട്‌ മരുന്നുവാങ്ങി സര്‍ക്കാര്‍ ഔട്ട്‌ലെറ്റ്‌ വഴി കുറഞ്ഞ വിലയ്‌ക്ക്‌ വില്‍ക്കാന്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‌ ശക്‌തിപകരുന്നതാണ്‌ ആരോഗ്യരംഗത്ത്‌ തന്നെ മാറ്റം വരുത്തുന്ന പുതിയ തീരുമാനം. ഇതു സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട്‌ ഉടന്‍ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിക്കും.
സഹകരബാങ്കുകളില്‍ നിന്ന്‌ പദ്ധതിക്കായി വായ്‌പ ലഭ്യമാക്കുന്നകാര്യവും ചര്‍ച്ച ചെയ്‌തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം