പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

October 24, 2011 കേരളം

തിരുവനന്തപുരം: വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ നീക്കിയതില്‍ പ്രതിഷേധിച്ച് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. സി.പി.ഐ നേതാവ് സി.ദിവാകരനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍വകലാശാല നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ വി.സി ഡോ.ബി.അശോകിനെ മാറ്റിയതെന്നും ഇതിന് സര്‍ക്കാരിന് അധികാരമില്ലെന്നും ദിവാകരന്‍ പറഞ്ഞു. സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കുമെതിരെ ലേഖനമെഴുതിയതിനാണ് അദ്ദേഹത്തെ മാറ്റിയതെന്ന് ദിവാകരന്‍ ആരോപിച്ചു.

എന്നാല്‍ വി.സിയെ മാറ്റിയത് നിയമപ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലേഖനമെഴുതിയതിന്റെ പേരിലല്ല വി.സിയെ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം