കൂടുതല്‍ രേഖകള്‍ പുറത്തുവിടുമെന്ന് ‘വിക്കിലീക്ക്‌സ്’

August 15, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

സ്റ്റോക്ക്‌ഹോം/വാഷിങ്ടണ്‍: അഫ്ഗാനിസ്താനിലെ യുദ്ധവുമായി ബന്ധപ്പെട്ട പതിനയ്യായിരത്തോളം അമേരിക്കന്‍ രഹസ്യരേഖകള്‍ കൂടി ഉടന്‍ പുറത്തുവിടുമെന്ന് ‘വിക്കിലീക്ക്‌സ്’ വെബ്‌സൈറ്റ് സ്ഥാപകന്‍ ജൂലിയന്‍ അസഞ്ജ് വെളിപ്പെടുത്തി. നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന യു.എസ്. പ്രതിരോധ കാര്യാലയമായ ‘പെന്‍റഗണി’ന്റെ അഭ്യര്‍ഥനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘വിക്കിലീക്ക്‌സ്’ ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന രേഖകള്‍ ഏതൊക്കെയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷകര്‍ തിരിച്ചറിഞ്ഞതായാണ് സൂചന. ഇവ പുറത്തുവിടുന്നത് അമേരിക്കയുടെ ദേശരക്ഷയ്ക്കും അഫ്ഗാന്‍ യുദ്ധദൗത്യത്തിനും കൂടുതല്‍ ദോഷകരമായിരിക്കുമെന്ന് ‘പെന്‍റഗണ്‍’ വക്താവ് ജ്വോഫ് മോറല്‍ പറഞ്ഞു. ‘വിക്കിലീക്ക്‌സി’ന്റെ പുതിയ നീക്കം അഫ്ഗാനിസ്താനിലെ യു.എസ്. സഖ്യസേനയെ സംബന്ധിച്ച് ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സും പറഞ്ഞു.
”അമേരിക്കന്‍ യുദ്ധതന്ത്രങ്ങളെപ്പറ്റിയുള്ള ഒട്ടേറെ വിവരങ്ങള്‍ ആ രേഖകളിലുണ്ട്. അവ പുറത്ത് വരുന്നത് താലിബാനും അല്‍ഖ്വെയ്ദയ്ക്കുമാണ് ഗുണമാവുക”-ഗേറ്റ്‌സ് അവകാശപ്പെട്ടു. ‘വിക്കിലീക്ക്‌സ്’ നേരത്തേ പുറത്തുവിട്ട 90,000ലേറെ രഹസ്യരേഖകള്‍ യു.എസ്. സഖ്യസേനയുടെ അഫ്ഗാന്‍ അതിക്രമങ്ങളെപ്പറ്റിയുള്ള അറിയപ്പെടാത്ത രഹസ്യങ്ങള്‍ അനാവരണം ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍