രവി പിള്ളയ്ക്ക് ബാങ്കേഴ്‌സ് ക്ലബ് അവാര്‍ഡ്

October 24, 2011 കേരളം

കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സിന്റെ 2011-ലെ ‘ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡിന് പ്രമുഖ വ്യവസായി ഡോ. രവി പിള്ള അര്‍ഹനായി. ബിസിനസ്സിലെ മികവ്, കേരള സമൂഹത്തിന് നല്‍കിയ കനപ്പെട്ട സംഭാവനകള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് രവി പിള്ളയെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് പ്രസിഡന്റ് എല്‍.ആര്‍.ആര്‍.വാര്യര്‍, ജനറല്‍ സെക്രട്ടറി കെ.യു. ബാലകൃഷ്ണന്‍, ഗ്രേറ്റര്‍ കൊച്ചി ബാങ്കേഴ്‌സ് ക്ലബ് പ്രസിഡന്റ് പീറ്റര്‍ സെബാസ്റ്റ്യന്‍, ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഈപ്പന്‍ ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

യു.എ.ഇ എക്‌സ്‌ചേഞ്ച് സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ഡോ.ബി.ആര്‍.ഷെട്ടിയും എംകെ ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റര്‍ എം.എ.യൂസഫലിയുമാണ് മുന്‍വര്‍ഷങ്ങളില്‍ ഫോറത്തിന്റെ ബിസിനസ് മാന്‍ ഓഫ് ദി അവാര്‍ഡ് നേടിയിരുന്നത്. ഡിസംബര്‍ രണ്ടാം വാരം കൊച്ചിയില്‍ നടക്കുന്ന ഫോറത്തിന്റെ മൂന്നാമത് ബാങ്കിങ് എക്‌സലന്‍സ് അവാര്‍ഡ് ദാനചടങ്ങില്‍ ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും സമ്മാനിക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിവിധ ബാങ്ക് മേധാവികളും ചടങ്ങില്‍ സംബന്ധിക്കും. പൊതുമേഖല, സ്വകാര്യ മേഖല, പുതുതലമുറ സ്വകാര്യ മേഖലകളിലെ മികച്ച ബാങ്കുകള്‍, ഈ മൂന്ന് മേഖലകളിലേയും മികച്ച ബാങ്ക് ശാഖകള്‍, മികച്ച ബ്രാഞ്ച് മാനേജര്‍മാര്‍, സംസ്ഥാനത്തെ മികച്ച ബാങ്കേഴ്‌സ് ക്ലബ്, സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മികച്ച് നില്‍ക്കുന്ന ബാങ്കേഴ്‌സ് ക്ലബ് എന്നീ വിഭാഗങ്ങളിലാണ് ബാങ്കിങ് എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കുന്നത്. ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരാണ് ജൂറി അദ്ധ്യക്ഷന്‍.

വന്‍കിട പ്രോജക്ടുകളുടെ നിര്‍മാണ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഡോ. പിള്ളയുടെ സാരഥ്യത്തിലുള്ള വിവിധ കമ്പനികളിലായി അറുപതിനായിരത്തോളം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. ഇതില്‍ നാല്‍പ്പത്തിനാലായിരത്തിലേറെ പേര്‍ ഇന്ത്യക്കാരാണ്. ഹോട്ടല്‍, ടൂറിസം,ആതുര ശുശ്രൂഷ, വിദ്യാഭ്യാസ മേഖലകളിലും അദ്ദേഹം കൈവച്ചിട്ടുണ്ട്. കൊല്ലത്തെ റാവിസ് ഹോട്ടല്‍, കോഴിക്കോട്ടെ കടവ് റിസോര്‍ട്ട്, കൊല്ലത്തെ ഉപാസന ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവ ഡോ.പിള്ളയുടെ കേരളത്തിലെ പ്രോജക്ടുകളില്‍ ചിലതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം