പാറശാലയില്‍ പിടിച്ചെടുത്ത കള്ളനോട്ടുകള്‍ പാക്കിസ്ഥാനില്‍ അച്ചടിച്ചു ബംഗ്ലാദേശ് വഴി കേരളത്തിലെത്തിയത്

October 24, 2011 കേരളം

തിരുവനന്തപുരം: പാറശാലയില്‍ പിടിച്ചെടുത്ത കള്ളനോട്ടുകള്‍ പാക്കിസ്ഥാനില്‍ അച്ചടിച്ചു ബംഗ്ലാദേശ് വഴി സംസ്ഥാനത്തെത്തിച്ചതാണെന്നു ചോദ്യംചെയ്യലില്‍ പിടിയിലായ ബംഗാള്‍ സ്വദേശികള്‍ സമ്മതിച്ചു. കള്ളനോട്ടു കടത്താനും മാറാനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു പരിശീലനം നല്‍കിയത് കൊല്‍ക്കത്ത കേന്ദ്രമായുള്ള ഭീകര സംഘടനയില്‍പെട്ടവരാണെന്നും അവര്‍ മൊഴി നല്‍കി. പാക്കിസ്ഥാനില്‍ നിന്നു ബംഗ്ലാദേശില്‍ എത്തിക്കുന്ന കള്ളനോട്ടുകള്‍ അതിര്‍ത്തി വഴി പശ്ചിമബംഗാളില്‍ എത്തിച്ച് ഇവിടെ നിന്നു ട്രെയിന്‍മാര്‍ഗം കേരളത്തില്‍ കൊണ്ടുവന്നു വിതരണം ചെയ്തതായാണു ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

ഇതിനിടെ, രാജ്യാതിര്‍ത്തി വഴി സംസ്ഥാനത്തെത്തിച്ച കള്ളനോട്ടുകളുടെ ഉറവിടം കണ്ടെ ത്തുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) മിലിട്ടറി ഇന്റലിജന്‍സും അറസ്റ്റിലായവരെ പാറശാല പോലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു. ഭീകരവാദബന്ധം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കായി പല വിഭാഗങ്ങള്‍ മാറിമാറി ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണു സൂചന.

ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി കടത്തിയപ്പോഴും അവിടെനിന്നു ബംഗാള്‍ വഴി തിരുവനന്തപുരത്തെത്തിച്ചപ്പോഴും ഇവരെ പിടികൂടാതിരുന്നതു ഗുരുതര വീഴ്ചയായി ചൂണ്ട ിക്കാണിക്കപ്പെടുന്നു. ബംഗാള്‍ സ്വദേശികളായ തൊഴിലാളികള്‍ എന്ന വ്യാജേന ബംഗ്ലാദേശില്‍ നിന്നുള്ള തീവ്രവാദികള്‍ സംസ്ഥാനത്തു പിടിമുറുക്കിയതായി ഇന്റലിജന്‍സ് വിഭാഗം പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിട്ടും പോലീസും തൊഴില്‍വകു പ്പും നടപടി സ്വീകരിച്ചില്ല.

കള്ളനോട്ടുകള്‍ സംസ്ഥാനത്ത് എത്തിക്കുകയും ഇവിടെയുള്ള സ്ഥാപനങ്ങളില്‍ വിതരണം നടത്തുകയും ചെയ്യുന്ന സംഘത്തിലെ ചിലര്‍ മാത്രമാണ് ഇവരെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇവര്‍ ഉള്‍പ്പെടെയുള്ള കാരിയര്‍മാര്‍ വിതരണം നടത്തിയ നോട്ടുകള്‍ സംസ്ഥാനത്തു വ്യാപകമായ തോതില്‍ വിതരണം നടത്തിയിട്ടുണ്ടെ ന്നും സമ്മതിച്ചു. തിരുവനന്തപുരം കൂടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊല്ലം, എറണാകുളം, പെരുമ്പാവൂര്‍ തുടങ്ങിയ മിക്ക മേഖലകളിലും കള്ളനോട്ട് വ്യാപകമായി വിതരണം നടത്തിയിട്ടുണ്ട്.

500, 1000 രൂപയുടെ നോട്ടുകള്‍ ചെറുകിട സ്ഥാപനങ്ങളില്‍ നല്‍കി ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങി ബാക്കി നല്ല നോട്ടുകള്‍ മാറിയെടുക്കുക എന്നതായിരുന്നു ഇവരുടെ തന്ത്രം. കൈമാറ്റംചെയ്ത നല്ല നോാട്ടുകള്‍ എജന്റുമാരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതിന്റെ രേഖകളും പോലീസിനു ലഭിച്ചിട്ടുണ്ട ്. നോട്ടുകള്‍ മാറുമ്പോള്‍ നാല്പതു ശതമാനംവരെ കാരിയര്‍മാര്‍ക്കു കമ്മീഷന്‍ ഇനത്തിലും ലഭിച്ചിരുന്നു.

അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ എത്തിച്ചേര്‍ന്ന ഇവര്‍ പേരിനു വല്ലപ്പോഴും മാത്രം ജോലിക്കു പോയശേഷം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നാണു പോലീസിനു ലഭിച്ച വിവരം. എന്നാല്‍, തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്തൊക്കെ ചെയ്തുവെന്നതിനെക്കുറിച്ചു പോലീസിനു കൃത്യമായ വിവരം നല്‍കിയിട്ടില്ലെന്നാണു സൂചന. ചോദ്യം ചെയ്യലിനു ഭാഷയും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.

എന്‍ഐഎയുടെ കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണു പിടിയിലാ യവരെ കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ ഇന്നലെ രാവിലെവരെ ചോദ്യം ചെയ്തത്. മിലിട്ടറി ഇന്റലിജന്‍സിനൊപ്പം അതിര്‍ത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) ഇന്റലിജന്‍സ് വിഭാഗവും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.  ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം നടത്തി.

കഴിഞ്ഞ ദിവസം അറസ്റ്റിലായ എട്ടുപേരില്‍ നിന്നായി രണ്ടേ കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തു കള്ളനോട്ട് വിതരണം വ്യാ പകമാണെന്നു ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു വെങ്കിലും ഇവ പിടിച്ചെടുക്കുന്നതില്‍ പോലീസ് പരാജയപ്പെടുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിച്ച കാലത്തു രാഷ്ട്രീയ സമ്മര്‍ദമാണ് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിനു തടസം സൃഷ്ടിച്ചതെന്നാണു പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

പശ്ചിമ ബംഗാളില്‍ മാള്‍ഡ ജില്ലയിലെ മല്‍ഗോവ ഗ്രാമത്തില്‍ നിന്ന് കള്ളനോട്ടു വിതരണത്തിന് യുവാക്കളെ തെരഞ്ഞെടുത്തതും അവര്‍ക്കുവേണ്ട  നിര്‍ദേശങ്ങള്‍ നല്കിയിരുന്നതും മാള്‍ഡയിലെ സോനാപൂര്‍ സ്വദേശികളായ സഫീക്ക-ഉള്‍-ഇസ്‌ലാം, അവൈദര്‍, റഹിം, ഹാജി നിജാമുദ്ദീന്‍ ഇസ്‌ലാം എന്നിവരാണ്. ഇവര്‍ പാക്കിസ്ഥാനുമായി ബന്ധമുള്ള ഭീകര സംഘടനയിലെ അംഗങ്ങളാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇവരെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎയുടെ ഒരു സംഘം കോല്‍ക്കത്തയ്ക്കു പോയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചിയില്‍ നിന്ന് എന്‍ഐഎയുടെ നാലംഗ സംഘം ഡിവൈഎസ്പി മുഹമ്മദ് താജുദ്ദീന്റെ നേതൃത്വത്തില്‍ പാറശാലയില്‍ എത്തിയത്. തലസ്ഥാനത്തെ ദേശീയ ബാങ്കില്‍ നിന്നയച്ച പണം ആരുടെ അക്കൗണ്ടില് മാറിയതെന്നു കണ്ടുപിടിക്കാനും ശ്രമം ആരംഭിച്ചു. പിടിയിലായ സംഘത്തെപ്പോലെ നിരവധി ഗ്രൂപ്പുകള്‍ രാജ്യത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തിക്കുന്നതായി പ്രതികള്‍ മൊഴി നല്കിയിട്ടുണ്ട്.നെയ്യാറ്റിന്‍കര രണ്ടാം  മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ അടുത്ത മാസം നാലുവരെ റിമാന്‍ഡ് ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം