ടൈറ്റാനിയം അഴിമതി: സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

October 25, 2011 കേരളം

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ രാഷ്ട്രീയ ഇടപെടലിലൂടെ സംസ്ഥാനത്തിന് 100 കോടിരൂപ നഷ്ടമുണ്ടാക്കിയെന്ന് തോമസ് ഐസക് ആരോപിച്ചു. മലിനീകരണ നിയന്ത്രണബോര്‍ഡ് അനുമതി   കിട്ടും മുന്‍പാണു മുഖ്യമന്ത്രി കത്തയച്ചത്. സുപ്രീംകോടതി സമിതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു.   ടൈറ്റാനിയം അഴിമതിക്കേസില്‍ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രണ്ടു തവണ സിബിഐ അന്വേഷണത്തിനായി കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ കേന്ദ്രം സംസ്ഥാനത്തിന്റെ ആവശ്യം നിരസിക്കുകയാണുണ്ടായതെന്ന് മുന്‍ വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു.

അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ സ്വാധീനം ചെലുത്തിയിട്ടാണ് സിബിഐ അന്വേഷണത്തിന് കേന്ദ്രം സമ്മതിക്കാഞ്ഞതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ താന്‍ സ്വാധീനം ചെലുത്തിയതുകൊണ്ടല്ലെന്നും അന്നത്തെ സര്‍ക്കാരിന്റെ കഴിവുകേടാണ് ഇതെന്നും ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം