ദിശതെറ്റി യാത്രചെയ്ത ഇന്ത്യന്‍ കോപ്റ്ററില്‍ നിന്ന് പാക്കിസ്ഥാന്‍ സൈനിക വിവരങ്ങള്‍ ചോര്‍ത്തി

October 25, 2011 ദേശീയം

ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെത്തുടര്‍ന്ന് ദിശതെറ്റി പാകിസ്ഥാനില്‍ ഇറങ്ങിയ കരസേനാ ഹെലികോപ്റ്ററില്‍ നിന്ന് പാകിസ്ഥാന്‍ സുപ്രധാന സൈനിക വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപണം. കാര്‍ഗില്‍, ലഡാക്, സിയാച്ചിന്‍ മേഖലകളിലെ ഹെലിപാഡുകളുടെ കോഡുകള്‍, ജിപിഎസ് വിവരങ്ങള്‍ തുടങ്ങിയവയാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്ററില്‍ നിന്ന് നഷ്ടമായത്. ഇതേപ്പറ്റി കരസേന ഉന്നതതല അന്വേഷണം ആരംഭിച്ചു. എന്നാല്‍ കോപ്റ്ററില്‍ രഹസ്യ വിവരങ്ങളുണ്ടായിരുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി പല്ലം രാജു വ്യക്തമാക്കി.

ഞായറാഴ്ചയാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് പാകിസ്ഥാനിലെ മരോളില്‍ ഇറങ്ങിയത്. ഹെലികോപ്റ്ററും അതിലുണ്ടായിരുന്ന നാല് സൈനികരേയും അന്നുതന്നെ തിരിച്ചയച്ച പാകിസ്ഥാന്റെ നടപടിയെ ഇന്ത്യ അഭിനന്ദിച്ചിരുന്നു. എന്നാല്‍ തിരിച്ചെത്തിയ ഹെലികോപ്റ്റര്‍ പരിശോധിച്ചപ്പോഴാണ് ലഡാക്, കാര്‍ഗില്‍, സിയാച്ചിന്‍, അക്‌സായ് ചിന്‍എന്നീ തന്ത്രപ്രധാന മേഖലകളെ സംബന്ധിച്ച ജിപിഎസ് വിവരങ്ങള്‍ ചോര്‍ന്ന വിവരം ബോധ്യപ്പെട്ടത്.

കരസേനയുടെ പതിനാലാം കോര്‍പ്‌സിനു കീഴിലുള്ള എല്ലാ ഹെലിപാഡുകളുടേയും വിവരങ്ങളും ചോര്‍ത്തിയതില്‍പ്പെടുന്നു. ജിപിഎസ് സംവിധാനമുള്ള ഹെലികോപ്റ്ററിന് എങ്ങനെ ദിശതെറ്റിയെന്ന കാര്യവും ഉന്നതതല അന്വേഷണ സംഘം പരിശോധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം